Don't Miss
Home / COVER STORY / പെര്‍ത്തില്‍ ഇന്ന് രണ്ടാമങ്കം: പരിക്കുമൂലം അശ്വിന്‍ പുറത്ത്; ആത്മവിശ്വാസത്തോടെ കോഹ്‌ലി

പെര്‍ത്തില്‍ ഇന്ന് രണ്ടാമങ്കം: പരിക്കുമൂലം അശ്വിന്‍ പുറത്ത്; ആത്മവിശ്വാസത്തോടെ കോഹ്‌ലി

പെര്‍ത്ത്: രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലനത്തിനിടെ ഇന്ത്യന്‍ സ്പിന്‍ ബോളര്‍ രവിചന്ദ്രന്‍ അശ്വിന് പരിക്കേറ്റു. ആദ്യ ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട രോഹിത് ശര്‍മ്മയും പെര്‍ത്തില്‍ കളിക്കാനുണ്ടാവില്ല. ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷകള്‍ക്ക് അല്‍പ്പം മങ്ങലേല്‍ക്കുന്നുണ്ടെങ്കിലും നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്താവന ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

ഇന്നലെ പരിശീലനത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. അപ്രതീക്ഷിതമായ പുറത്താകല്‍ ഇന്ത്യയ്ക്ക് ഏറെ ഞെട്ടലാണുണ്ടാക്കിയത്. ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് അശ്വിന്റെ ആറ് വിക്കറ്റ് ഏറെ നിര്‍ണായകമായിരുന്നു. അതിനാല്‍ തന്നെ താരത്തെ നഷ്ടപ്പെടുത്തുന്നതും വലിയ വെല്ലുവിളിയാണ്.

പേസിന് മൂര്‍ച്ഛ കൂടുന്ന പിച്ചാണ് പെര്‍ത്തിലേത്. ഇവിടത്തെ വിക്കറ്റ് ഓസീസ് താരങ്ങള്‍ക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നതാണ് ഇന്ത്യന്‍ ജയം തീര്‍ത്തും അപ്രാപ്യമാകുമെന്ന് കഴിഞ്ഞ ദിവസം മുന്‍ നായകന്‍ കൂടിയായ റിക്കി പോണ്ടിങ് പ്രസ്താവന ഇറക്കിയിരുന്നു. ജസ്പ്രീത് സിങ് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നീ ഇന്ത്യന്‍ പേസര്‍മാര്‍ ഏറെ ഫോമിലാണ്. ഇന്നലെ പ്രഖ്യാപിച്ച രണ്ടാം ടെസ്റ്റിനുള്ള അവസാന 13 പേരില്‍ ഭുവനേശ്വര്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ നിന്നും അശ്വിനെയും രോഹിത് ശര്‍മ്മയെയും പിന്‍വലിക്കേണ്ടി വന്നപ്പോള്‍ രവീന്ദ്ര ജഡേജയെയും ഉമേഷ് യാദവിനെയും ഉള്‍ക്കൊള്ളിച്ചാണ് 13 അംഗ ടീമിനെ പരിഗണിച്ചിരിക്കുന്നത്. ഇതില്‍ ഏതൊക്കെ രണ്ട് താരങ്ങളാകും പുറത്തിരിക്കുക എന്നത് കളിതുടങ്ങുന്നതിന് തൊട്ടുമുമ്പേ തീരുമാനിക്കൂ.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിലെ പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ ജഡേജ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ഒരു കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അശ്വിന്‍ പുറത്തായ സാഹചര്യത്തിലാണ് സ്പിന്നറുടെ റോളില്‍ ജഡേജയ്ക്കും ഉമേഷ് യാദവിനും സാധ്യത തെളിഞ്ഞത്.

പെര്‍ത്തിലെ ടെസ്റ്റ് പേസിന് അനുകൂലമാകുമ്പോള്‍ തന്നെ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച ഫോമിലാണെന്നത് ശ്രദ്ധേയമാണ്. ആദ്യ ടെസ്റ്റില്‍ പേസിനെ നേരിടാന്‍ ഓസീസ് താരങ്ങളാണ് കൂടുതല്‍ വിഷമിച്ചത്. നഥാന്‍ ലയണ്‍ എന്ന ഓഫ് ബ്രേക്കര്‍ മാത്രമാണ് ഇന്ത്യയ്ക്ക് നന്നായി ബുദ്ധിമുട്ട് ഉണ്ടാക്കിയത്.

അശ്വിന് പരിക്കേറ്റ് പുറത്തായെന്നറിഞ്ഞതോടെ ഇന്ത്യ പ്രതിരോധത്തിലായെന്ന മട്ടില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് നായകന്‍ കോഹ്‌ലി അതില്‍ വലിയ അതിശയമൊന്നുമില്ലെന്ന് പ്രസ്താവനയിറക്കിയത്. തങ്ങള്‍ക്ക് ഒട്ടും ആശങ്കകളില്ല. വേഗത കൂടിയ പിച്ചിലാണ് ഇറങ്ങുന്നത്, അതിന്റെ എല്ലാ കരുതലും ഉണ്ട്. ലോകോത്തര പേസ് ലൈനപ്പായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരടങ്ങിയ നിരയെ നിസ്സാരമായി കരുതുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു.