Don't Miss
Home / COVER STORY / കേരളത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; പക്ഷെ പോളണ്ടില്‍ കേരളത്തെ കുറിച്ച് മിണ്ടുന്നുണ്ട്
സന്ദേശം സിനിമയിലെ പ്രഭാകരന്‍ (ശ്രീനിവാസന്‍)

കേരളത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; പക്ഷെ പോളണ്ടില്‍ കേരളത്തെ കുറിച്ച് മിണ്ടുന്നുണ്ട്

1991ല്‍ സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ ടീമിന്‍റെ സന്ദേശം എന്ന സിനിമ ഇറങ്ങിയ നാള്‍ മുതല്‍ ഇന്ന് വരെ, മലയാളി ആവര്‍ത്തിച്ച് കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുള്ള ഒരു സിനിമാ ഡയലോഗാണ് “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്നത്. ഇക്കാലയളവില്‍ പല വാര്‍ത്തകളില്‍ പോലും ഇടക്കിടെ ഈ ഡയലോഗ് ഇടം പിടിക്കാറുണ്ട്. എന്നാല്‍ സഖാവ് കോട്ടപ്പിള്ളി പ്രഭാകരനെയും സന്ദേശം സിനിമയേയും ഒന്നും അറിയാത്ത പോളിഷ് ജനതയില്‍ വലിയൊരു വിഭാഗം കഴി‍ഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തെക്കുറിച്ച് മിണ്ടുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനവും നിയന്ത്രണവുമെല്ലാമാണ് എല്ലായിടത്തെയും പോലെ പോളണ്ടിലെ പത്രങ്ങളുടെയും ചര്‍ച്ചാവിഷയം. എന്നാല്‍ നൂറ്റിമുപ്പത് കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യാരാജ്യത്ത്, പോളണ്ടിന്‍റെ ജനസംഖ്യയോളം ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. മൂന്നേമുക്കാല്‍ കോടി ജനങ്ങളുള്ള പോളണ്ടില്‍ 7500 കോവിഡ് കേസുകള്‍ പിന്നിടുമ്പോള്‍, ജനുവരിയില്‍ ആദ്യ കേസ് റിപ്പോര്‍ട് ചെയ്ത കേരളത്തില്‍ ഇപ്പോളും 400 കേസുകള്‍ ആയിട്ടില്ല. രോഗാവസ്ഥയില്‍ തുടരുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കേരളത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണം. മാത്രമല്ല, രണ്ടുപേര്‍ മാത്രമാണ് കേരളത്തില്‍ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട് ചെയ്ത കേരളം, പത്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലോകാരോഗ്യ സംഘടന (WHO) യുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങത്തക്ക വണ്ണം മാതൃകാപരമായ തന്ത്രവൈദഗ്ദ്ധ്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് പോളണ്ടിലെ പ്രമുഖ പത്രങ്ങളിലൊന്നായ “ഗസെറ്റ വിബോര്‍ച” റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. പോളണ്ടിലെ രണ്ടാമത്തെ വലിയ പത്രമാണെങ്കിലും കേരളത്തെക്കുറിച്ചുള്ള വാര്‍ത്തയോടൊപ്പം അവര്‍ കൊടുത്തിരിക്കുന്ന ചിത്രം അഹമ്മദാബാദില്‍ നിന്നുള്ളതാണ് എന്ന് ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പൊതുവെ ഇന്ത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മുംബൈയിലെ ചേരികളുടെയും തിരക്കുപിടിച്ച തീവണ്ടികളുടെയും ചിത്രങ്ങളാണ് വാര്‍ത്തക്കൊപ്പം കൊടുക്കാറുള്ളത്. പോളണ്ടിലെ വാര്‍സോ നഗരവും വ്രോസ്ലോ നഗരവും തമ്മിലുള്ള വ്യത്യാസം എന്നതുപോലെ ആയിരിക്കാം പോളണ്ടിലെ ന്യൂസ് ഡസ്കിലിരുന്ന് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നയാള്‍ ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിരിക്കുക.

പ്രമുഖ പത്രം “ഗസെറ്റ വിബോര്‍ച” കേരളത്തെക്കുറച്ച് വാര്‍ത്ത നല്‍കിയത് ഏപ്രില്‍ പതിനാലിന് ആയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പോളണ്ടിലെ പ്രമുഖ ഇടത് മാഗസിനായ “സ്ട്രൈക്” ‘ഇന്ത്യയിലെ കോവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും മികച്ചത് കമ്മ്യൂണിസ്റ്റുകാരുടേത്’ എന്ന തലക്കെട്ടോടെയാണ് വാര്‍ത്തയെഴുതിയത്. കേരളം നാളിതുവരെ നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും എണ്ണിയെണ്ണി പറഞ്ഞ് വിശദമായിത്തന്നെ അവര്‍ എഴുതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ഏങ്ങിനെ ഒന്നാമതായി എന്നതിനെക്കുറിച്ച് വിശദമായിത്തന്നെ വാഷിങ്ങ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്തയെ ഉദ്ദരിച്ചുകൊണ്ട് ലേഖനത്തില്‍ പ്രതിപാദിക്കുന്നു. പിണറായി വിജയന്‍റെ സാമ്പത്തിക പാക്കേജുകളെക്കുറിച്ചും, കേരളത്തില്‍ നടക്കുന്ന ഭക്ഷണ വിതരണത്തെക്കുറിച്ചും, രണ്ടുമാസത്തെ പെന്‍ഷന്‍ കൊടുത്തതിനെക്കുറിച്ചും എല്ലാം വാര്‍ത്തയില്‍ വിശദീകരിക്കുന്നുണ്ട്.

പോളണ്ടിലെ സ്ട്രൈക് മാഗസിനില്‍ കേരളത്തെക്കുറിച്ച് വന്ന വാര്‍ത്ത

തീവ്ര വലത് പക്ഷ പാര്‍ടികള്‍ ഭരിക്കുന്ന പോളണ്ടില്‍ ഏതാനും വര്‍ഷങ്ങളായി ദയനീയമായ പ്രകടനമായിരുന്നു പോളണ്ടിലെ ഇടത് പാര്‍ടികള്‍ തെരഞ്ഞെടുപ്പുകളില്‍ കാഴ്ചവെച്ചിരുന്നത്. എന്നാല്‍ 2019 അവസാനം നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 49 സീറ്റുകള്‍ നേടിക്കൊണ്ട് പോളിഷ് പാര്‍ലമെന്‍റില്‍ ഇടതുപക്ഷം വീണ്ടും സജീവമായിരിക്കുകയാണ്. വിവിധ ഇടതുപക്ഷ പാര്‍ടികള്‍ സ്വതന്ത്രമായി മത്സരിക്കുന്ന പതിവില്‍ നിന്നും വിഭിന്നമായി, ഇടത് പാര്‍ട്ടികള്‍ ഒന്നിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് സ്ഥിതി മെച്ചപ്പെട്ടത്.