Don't Miss
Home / MEDIA / പത്രപ്രവര്‍ത്തക വോളി ടൂര്‍ണമെന്റില്‍ ജയില്‍പുള്ളികളും; നിയമലംഘനത്തിനു നേരെ കണ്ണടച്ച് ജയില്‍വകുപ്പ്, റിമാന്റ് പ്രതികളും ജയില്‍ ടീമില്‍

പത്രപ്രവര്‍ത്തക വോളി ടൂര്‍ണമെന്റില്‍ ജയില്‍പുള്ളികളും; നിയമലംഘനത്തിനു നേരെ കണ്ണടച്ച് ജയില്‍വകുപ്പ്, റിമാന്റ് പ്രതികളും ജയില്‍ ടീമില്‍

കണ്ണൂര്‍ : ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ കൊലപാതക കേസിലെ പ്രതികള്‍ പങ്കെടുത്തത് ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപമുയരുന്നു. റിമാന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജയില്‍ ടീമിലുണ്ടായിരുന്നത്.
സി.പി.എമ്മുകാരായ റിമാന്‍ഡ് പ്രതികള്‍ക്കു ചട്ടം ലംഘിച്ചു പുറത്തുവിലസാന്‍ അവസരമൊരുക്കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജയില്‍വകുപ്പ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി.പി.എം. തടവുകാരുടെ സുഖവാസത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ഒന്നൊഴിയാതെ തുടരുന്നതിനിടയിലാണു വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന്റെ പേരിലുള്ള ഈ ഇളവ്. സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കം പ്രതിപട്ടികയിലുള്ള കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതിയും ജയരാജന്റെ ഡ്രൈവറുമായിരുന്ന വിക്രമനാണ് കണ്ണൂര്‍ ജയില്‍ വോളി ടീമിന്റെ ക്യാപ്റ്റന്‍. ഇന്നലെ കണ്ണൂരില്‍ പത്രപ്രവര്‍ത്തക സംഘടന ആഥിത്യമരുളുന്ന ജേണലിസ്റ്റ് വോളിയോടനുബന്ധിച്ചുള്ള പ്രദര്‍ശനമത്സരത്തില്‍ വിക്രമന്‍ നയിച്ച ജയില്‍ ടീം പങ്കെടുത്തു.
ജയിലിനു പുറത്തുള്ള ടീമുകള്‍ ജയിലില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാറുണ്ടെങ്കിലും റിമാന്‍ഡ് പ്രതികള്‍ അടങ്ങിയ ജയില്‍ ടീം പുറത്തുപോകുന്നത് ചട്ടലംഘനമാണ്. ഉന്നതസമ്മര്‍ദത്തെത്തുടര്‍ന്നുള്ള പ്രത്യേക അനുമതിയോടെയാണ് ജയില്‍ ഡി.ജി.പി ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ. ചുമത്തിയതിനാലാണ് വിക്രമന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത്. കോടതി അനുമതി ഇല്ലാതെ പ്രതികളെ പുറത്തു വിടുന്നത് ഗുരുതരനിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
സി.പി.എമ്മുകാരായ പ്രതികള്‍ക്കു നല്‍കുന്ന വഴിവിട്ട ഇളവുകളുടെ പേരില്‍ സമീപകാലത്ത് വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ കുഞ്ഞനന്തനുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 19 മാസത്തിനിടെ 15 തവണയാണ് കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്.

പ്രായാധിക്യത്തിന്റെ പേരില്‍ ശിക്ഷയില്‍ ഇളവ് നല്‍കി കുഞ്ഞനന്തനെ വിട്ടയക്കാനുള്ള ശ്രമവും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നുണ്ട്. ടി.പി. കേസ് പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചതും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുഖ ചികിത്സ നല്‍കിയതും വിവാദമായിരുന്നു. അതിനുപിന്നാലെയാണ് ഷുഹൈബ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന സി.പി.എം പ്രവര്‍ത്തകന്‍ ആകാശിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്ത വിവരം പുറത്തുവന്നത്. പാര്‍ട്ടി തടവുകാര്‍ പിരിവെടുത്ത് ജയലില്‍ ടെലിവിഷന്‍ സെറ്റ് വാങ്ങിയതും ജയില്‍ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ നല്‍കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സി.പി.എം പ്രദേശിക നേതാക്കളായ പ്രതികള്‍ക്കാണ് ചട്ടം ലംഘിച്ച് ജയില്‍ വകുപ്പ് പരോള്‍ നല്‍കിയിരിക്കുന്നത്. കേസിലെ 13ാം പ്രതി കുഞ്ഞനന്തന് 139 ദിവസവും എട്ടാം പ്രതി കെ.സി രാമചന്ദ്രന് മൂന്നു മാസവുമാണ് പരോള്‍ നല്‍കിയത്. ചട്ടം അനുസരിച്ചത് ജയില്‍പുള്ളികള്‍ക്ക് ഒരു വര്‍ഷം 60 ദിവസം മാത്രമാണ് പരോളിന് അര്‍ഹതയുള്ളത്.