Don't Miss
Home / COVER STORY / ആവേശപ്പോരില്‍ പി എസ് ജി ലിവറിനെ തോല്‍പ്പിച്ചു

ആവേശപ്പോരില്‍ പി എസ് ജി ലിവറിനെ തോല്‍പ്പിച്ചു

പാരീസ്: ഈ ആഴ്ച്ച ലോകം ആവേശത്തോടെ ഉറ്റുനോക്കിയ കാല്‍പന്ത് പോരില്‍ നെയ്മറും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന പാരിസ് സെന്റ് ജര്‍മെന്‍(പി എസ് ജി) ലിവര്‍പൂളിനെ തോല്‍പ്പിച്ചു. വമ്പന്‍ പോരാട്ടത്തില്‍ രണ്ട് ഗോളുകളിട്ട പി എസ് ജിക്കെതിരെ ഒരു ഗോളിനപ്പുറം നേടാന്‍ ലിവറിനായില്ല.
ആദ്യപകുതിയില്‍ തന്നെ കളിയിലെ എല്ലാ ഗോളുകളും വീണു. 13-ാം മിനിറ്റില്‍ യുവാന്‍ ബെര്‍നറ്റിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. 37-ാം മിനിറ്റില്‍ നെയ്മറിലൂടെ അവര്‍ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് ജെയിംസ് മില്‍നറാണ് ലിവര്‍പൂളിനായി ഗോള്‍ മടക്കിയത്.
തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്താകലിന്റെ വക്കിലാണ് ലിവര്‍പൂള്‍. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ലിവര്‍പൂള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും കരകയറാന്‍ നാപ്പോളിയുമായി നടക്കുന്ന അവസാന മത്സരത്തില്‍ അവര്‍ക്ക് രണ്ടു ഗോളിനെങ്കിലും വിജയിക്കേണ്ടത് നിര്‍ബന്ധമായിരിക്കുകയാണ്. ഗ്രൂപ്പ് സിയില്‍ അഞ്ചു കളികളില്‍ നിന്ന് ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുള്ള നാപ്പോളിയാണ് ഒന്നാമത്.