Don't Miss
Home / COVER STORY / രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുമെന്ന തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതോടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. സോണിയഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഈ അവസരത്തിലാണ് പുതിയ പ്രസിഡന്റായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിനെ നിയമിക്കാന്‍ ആലോചിക്കുന്നത്. ബിസിനസ്സ് സ്റ്റാന്റേഡ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് രാഹുല്‍ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി പൊതുജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിപ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്. കൂടാതെ ഗാന്ധി കുടുംബത്തിന്റെ അവകാശമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമെന്ന ആക്ഷേപത്തിനും ഇതോടെ പരിഹാരമാകണമെന്നും രാഹുല്‍ ഗാന്ധി കരുതുന്നു.
കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിക്ക് പിറന്നാള്‍ ആശംസ അറിയിക്കാന്‍ അശോക് ഗെഹ്ലോട്ട് അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും സന്ധിയില്ലാ സമരം നടത്തുന്ന രാഹുല്‍ഗാന്ധി ഇനിയും അത് തുടരുമെന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് ഗെഹ്ലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എ.കെ. ആന്റണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കണമെന്ന നിര്‍ദ്ദേശം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും ആന്റണി അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

മുമ്പ് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അശോക് ഗെഹ്ലോട്ട്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരമേറ്റെടുത്തതോടെയാണ് പാര്‍ട്ടി സ്ഥാനം ഒഴിഞ്ഞ് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകുന്നത്. ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാകും രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിലെത്തുക.