Don't Miss
Home / ENTERTAINMENT / CINEMA / രണ്ടാമൂഴം ശ്രീകുമാറില്‍ നിന്ന് കൈവിട്ടത് ആ നടന്റെ ഇടപെടലില്‍: ഹരിഹരനെ വെട്ടി പരസ്യ സംവിധായകന് ലഭിച്ച തിരക്കഥ ഇനിയാര് സംവിധാനം ചെയ്യും; മലയാള സിനിമയിലെ പകയുടെ തിരക്കഥയാകുന്നുവോ രണ്ടാമൂഴവും എം.ടിയും

രണ്ടാമൂഴം ശ്രീകുമാറില്‍ നിന്ന് കൈവിട്ടത് ആ നടന്റെ ഇടപെടലില്‍: ഹരിഹരനെ വെട്ടി പരസ്യ സംവിധായകന് ലഭിച്ച തിരക്കഥ ഇനിയാര് സംവിധാനം ചെയ്യും; മലയാള സിനിമയിലെ പകയുടെ തിരക്കഥയാകുന്നുവോ രണ്ടാമൂഴവും എം.ടിയും

About The Author

നിയാസ് അബ്ദുല്‍ ഖരീം

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹമായ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കി രചിച്ച തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെ കോടതി താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. എം ടി നല്‍കിയ പരാതി പരിഗണിച്ചാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെ ഉത്തരവ്. ശ്രീകുമാര്‍ മേനോനും നിര്‍മാണകമ്പനിക്കും നോട്ടീസ് അയക്കാനും ഉത്തരവായിട്ടുണ്ട്. കേസ് ഒക്‌ടോബര്‍ 25ന് കോടതി വീണ്ടും പരിഗണിക്കും.

ഏറെ പ്രശസ്തമായ രണ്ടാമൂഴം സിനിമയാക്കാന്‍ ആഗ്രഹിച്ച ഒരുപാട് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ നറുക്ക് വീണത് പരസ്യചിത്രത്തിന്റെ സംവിധായകനായിരുന്നു. എം ടിയുടെ വിഖ്യാതമായ നിരവധി തിരക്കഥകള്‍ക്ക് സെല്ലുലോയ്ഡ് രൂപം നല്‍കിയ ഹരിഹരന്‍ തന്നെയാണ് രണ്ടാമൂഴം ചലച്ചിത്രമാക്കാന്‍ ആദ്യം ശ്രമിച്ചത്. അതിനിടയിലാണ് കരാര്‍ വഴിമാറിപ്പോയതും ഒടുവില്‍ വിവാദമായതും.

ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതംഗമയ, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങിയ നിരവധി പടങ്ങളില്‍ ഒന്നിച്ച എം ടി-ഹരിഹരന്‍ ടീം രണ്ടാമൂഴം ചെയ്യാനൊരുങ്ങുന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല. രണ്ടാമൂഴം എപ്രകാരം ചെയ്യണമെന്നതിനെക്കുറിച്ച് ദിവസങ്ങളോളം ഇരുന്ന് ഒരു മാര്‍ഗരേഖ തയാറാക്കുക പോലും ചെയ്തിരുന്നു ഹരിഹരന്‍. പിന്നീട് എം ടിയുമായി ഇതേപ്പറ്റി ചര്‍ച്ച ചെയ്തു. തിരക്കഥ രൂപത്തില്‍ എഴുതിയപ്പോള്‍ എം ടിയെ സമീപിച്ച ശ്രീകുമാര്‍ മേനോന്‍, ഈ പ്രൊജക്ട് മലയാളത്തില്‍ മാത്രം ചെയ്താല്‍ പോരെന്നും മറ്റു ഇന്ത്യന്‍ ഭാഷയിലടക്കമുള്ള ബിഗ് പ്രൊജക്ടാക്കി മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയും ബോളിവുഡില്‍ നിന്നുള്‍പ്പെടെ പ്രമുഖ നടന്മാരെ അണിനിരത്തിയും ചിത്രം ചെയ്യാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് എം ടി കരാര്‍ നല്‍കിയത്. ഇതോടെയാണ് ശ്രീകുമാറിന്റെ ബിഗ്ബജറ്റ് ചിത്രമായി രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. എന്‍ ആര്‍ ഐ വ്യവസായിയായ ബി ആര്‍ ഷെട്ടിയാണ് സിനിമ നിര്‍മിക്കുന്നതെന്നും ആയിരം കോടി രൂപയാണ് ബജറ്റെന്നും പിന്നീട് അറിയിച്ചു.

പ്രമുഖ ജ്വല്ലറിയുടെ പരസ്യം വര്‍ഷങ്ങളായി തയാറാക്കിയിരുന്ന മുംബൈ ആസ്ഥാനമായ പുഷ് ഇന്റ്‌റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് എന്ന പരസ്യനിര്‍മാണ കമ്പനിയുടെയും പബ്ലിക് റിലേഷന്‍സ് കമ്പനിയായ വേള്‍ഡ് ലാബ് ഏഷ്യയുടെയും ഉടമസ്ഥനാണ് ശ്രീകുമാര്‍ മേനോന്‍. ഇതിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘ഒടിയന്‍’ എന്ന സിനിമ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിക്കുകയും ചിത്രീകരണം തുടങ്ങുകയും ചെയ്തു.

മൂന്ന് വര്‍ഷം പിന്നിട്ടിട്ടും രണ്ടാമൂഴം സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതെ നീട്ടിക്കൊണ്ടുപോവുന്നതില്‍ ക്ഷുഭിതനായാണ് എം ടി തിരക്കഥ തിരിച്ചുതരണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും പിന്നീട് ഒരു വര്‍ഷം കൂടി സമയം അദ്ദേഹത്തിന് നീട്ടിനല്‍കിയെന്നും എം ടി ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ മലയാളത്തിലെ പ്രമുഖ നടനുനേരെ അറസ്റ്റിലേക്കുവരെ നയിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ പേരും ഗോസ്സിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ജനപ്രിയ നടന്റെ കുടുംബജീവിതത്തിലേക്കുവരെ ഇടപെടുന്ന തരത്തില്‍ പരസ്യസംവിധായകന്റെ പേര് ഉയര്‍ന്നപ്പോഴും. ബിഗ് എം എന്റെ പിന്തുണയില്‍ തന്റെ പ്രോജക്ടുകളുമായി മുന്നോട്ടുപോകുകയായിരുന്നു ശ്രീകുമാര്‍. എന്നാല്‍ ഇപ്പോള്‍ എം.ടിയെ സ്വാധീനിക്കുന്ന തരത്തിലേക്കുവരെ കരുക്കള്‍ നീക്കിയതിന് പിന്നില്‍ ആരാണെന്ന സംശയത്തിന് ഉത്തരങ്ങള്‍ നീളുന്നത് ആലുവ ബെല്‍റ്റിലേക്കാണെന്നാണ് സിനിമയിലെ അണിയറ സംസാരം.

സിനിമയിലെ പ്രധാന വേഷം അവതരിപ്പിക്കേണ്ട മോഹന്‍ലാല്‍ ഒടിയനു ശേഷം രണ്ട് ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിരിക്കുകയാണ്. നൂറുകോടി ബജറ്റിലൊതുങ്ങുന്ന പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാരെക്കുറിച്ചുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്നിവയാണവ. ഇതോടെ 2019ലും രണ്ടാമൂഴത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ സാധ്യതയില്ലെന്നാണറിയുന്നത്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ തിരക്കഥാകൃത്ത് കൂടിയായ എം ടി പ്രൊജക്ടില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും കൈമാറിയ തുക തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം ടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുന്ന മുറക്ക് മുന്‍കൂറായി വാങ്ങിയ പണം തിരിച്ചു നല്‍കാമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിരുന്നില്ല.