Don't Miss
Home / COVER STORY / ആര്‍സിസി ചികില്‍സാ പിഴവ്; മേരി റെജിയുടെ മരണത്തെക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ആര്‍സിസി ചികില്‍സാ പിഴവ്; മേരി റെജിയുടെ മരണത്തെക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ആര്‍സിസിയിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ഡോ.മേരി റെജി മരിച്ചതിനെ കുറിച്ച് ഉന്നതതല അന്വേ‌‌ഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ഉന്നതതല മെഡിക്കല്‍ ടീമിനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. ഡോ.മേരി റെജി ആര്‍സിസിയിലെ ചികില്‍സാ പിഴവ് കാരണമാണ് മരിച്ചത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.ഡോക്ടര്‍ മേരി റെജിയെ ചികില്‍സിച്ച രീതി ആശങ്കാജനകമാണ്. ഒരു ഡോക്ടറെ ചികില്‍സിക്കുന്നത് ഇത്തരത്തിലാണെങ്കില്‍ ആര്‍സിസിയില്‍ ചികില്‍‍സയ്ക്കെത്തുന്ന സാധാരണക്കാരന്‍റെ സ്ഥിതി എന്താകുമെന്ന് കമ്മിഷന്‍ ചോദിച്ചു.ഗുരുതര അലംഭാവം കാണിച്ച ചില ‍ഡോക്ടര്‍മാരുടെ പേരുകള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു ഗതി വരാത്ത തരത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് തിരുത്തപ്പെടണം.
‍ഡോ.മേരി റെജിക്ക് ആര്‍സിസിയില്‍ ഉണ്ടായ ചികില്‍സാപിഴവിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടുവന്നത് ന്യൂസ് സ്കൂപ്പ് ഡോട്ട് കോം ആണ്. ഡോ.മേരി റെജിയുടെ ഭര്‍ത്താവ് ഡോ.റെജി ജേക്കബ് ആര്‍സിസിയിലെ ചികില്‍സാ പിഴവിനെ കുറിച്ച് വളരെ വിശദമായ വെളിപ്പെടുത്തലുകള്‍ ന്യൂസ് സ്കൂപ്പ് ഡോട്ട് കോമിനോട് നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാരും മനുഷ്യാവകാശകമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണവിധേയരായ ഡോക്ടര്‍മാരില്‍ നിന്നും വിശദീകരണം കേട്ട ശേഷം മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്‍സിസി ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹന്‍ദാസ് നിര്‍ദേശം നല്‍കി.