Don't Miss
Home / NEWS / Keralam / ഇന്ന് ലോക നേഴ്‌സസ് ദിനം; മലയാളി സ്ത്രീകളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന് ഗ്രന്ഥത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു എഴുതുന്നു

ഇന്ന് ലോക നേഴ്‌സസ് ദിനം; മലയാളി സ്ത്രീകളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന് ഗ്രന്ഥത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു എഴുതുന്നു

തിരുവനന്തപുരം: ഇന്ന് ലോകം മുഴുവന്‍ നേഴ്‌സസ് ദിനമായി ആചരിക്കുകയാണ്. മലയാളി നേഴ്‌സുമാരുടെ സേവന പാരമ്പര്യത്തെപ്പറ്റിയും കൂടിയേറ്റത്തിലെ പ്രത്യേകതകളെ കുറിച്ചുമൊക്കെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ പഠനവിഷയമാണ്. എന്നാല്‍ ഈ കഥകളൊന്നും നമ്മുടെ പാഠപുസ്തകത്തിലൊ സര്‍വ്വകലാശാലകളിലൊ പഠനവിഷയമാകാത്തതും ശ്രദ്ധേയമാണ്. മലയാളി പെണ്ണുങ്ങളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന പുസ്തകത്തെ കുറിച്ച മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ ശ്രദ്ധേയമാകുന്നു.
റോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്ത്രീകള്‍ ആദ്യം വന്നപ്പോള്‍
xxxxxxxxxxxxxxxxxxx
ഇന്ന് ലോകം മുഴുവന്‍ നേഴ്‌സസ് ദിനമായി ആചരിക്കുമ്പോള്‍ മലയാളി നേഴ്‌സുമാരുടെ സേവന പാരമ്പര്യത്തെപ്പറ്റിയും കൂടിയേറ്റത്തിലെ പ്രത്യേകതകളെ കുറിച്ചുമൊക്കെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ പഠനവിഷയമാണ്. ലോകമെമ്പാടും പുരുഷന്മാര്‍ മുഖാന്തിരം കൂടിയേറ്റം നടക്കുന്നത് പതിവായ കാലഘട്ടത്തിലാണ് ഒരു ജനത അവരുടെ സ്ത്രീകള്‍ നേതൃത്വം കൊടുത്ത കൂടിയേറ്റത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അമേരിക്കയിലേക്കുള്ള മലയാളി പെണ്ണുങ്ങളുടെ കൂടിയേറ്റത്തിന് സമാനതകളോ എടുത്തു പറയത്തക്ക മാതൃകകളോ ഇല്ലെന്നാണ് കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ‘ When Women Come First എന്ന പ0ന ഗ്രന്ഥത്തില്‍ പറയുന്നത്. മലയാളിയായ ഡോ.ഷേബ മറിയം ജോര്‍ജാണ് ഗ്രന്ഥകര്‍ത്താവ്.
അനാദിയായ കാലം മുതല്‍ മനുഷ്യന്‍ ഭാഗ്യം തേടി ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറി പാര്‍ക്കുന്നത് നിത്യ സംഭവമാണ്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നത് മനുഷ്യ സഹജമായ വാസനയാണ്.
ജോലി തേടിയും, പുതിയ സാധ്യതകള്‍ തേടിയും ഏറെ സഞ്ചരിക്കുന്ന ജനതയാണ് മലയാളികള്‍, പ്രത്യേകിച്ച് സംസ്ഥാനത്തെ സുറിയാനി ക്രിസ്ത്യാനികള്‍. പുതിയ കൃഷിസ്ഥലങ്ങള്‍ തേടിയുള്ള മധ്യ തിരുവിതാംകൂര്‍ ക്രിസ്ത്യാനികളുടെ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ വളര്‍ച്ചയും സാഹസികതയുമൊക്കെ നമ്മെ വിസ്മയിപ്പിക്കുന്നതാണ്.
അത്തരം കുടിയേറ്റ ങ്ങളെല്ലാം പുരുഷ കേന്ദ്രീകൃതങ്ങളായ യാത്രകളായിരുന്നു. മലയാളികള്‍ പണ്ട് കാലത്ത് കുടിയേറിയ ശ്രീലങ്ക, (സിലോണ്‍) മലേഷ്യ, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആണുങ്ങളാണ് ജോലി തേടിപ്പോയതും ജീവിതം കെട്ടിപ്പെടുത്തും. എന്നാല്‍ അതില്‍ നിന്നൊക്കെ വളരെ വത്യസ്ത മായ ചരിത്രം കെട്ടിപ്പെടുത്തവരാണ് അമേരിക്കയിലെ മലയാളി നേഴ്‌സുമാര്‍ , പ്രത്യേകിച്ച് സുറിയാനി പാരമ്പര്യമുള്ള ക്രിസ്ത്യാനി പെണ്ണുങ്ങള്‍.
ലോകത്തെ എല്ലാ കുടിയേറ്റങ്ങള്‍ക്കും എല്ലായിപ്പോഴും പുരുഷന്മാരാണ് നേതൃത്വം കൊടുത്തിട്ടുള്ളത്. അവരാണ് ഭാഗ്യം തേടി മറ്റൊരു രാജ്യത്തേക്ക് പോകുന്നത്. പിന്നാലെ കുടുംബവും ബന്ധുമിത്രാദികളും, ചാര്‍ച്ചക്കാരുമൊക്കെ ഭാഗ്യം തേടി പുതിയ സ്ഥലത്തേക്ക് വരികയാണ് പതിവ്.
ഈ പതിവ് സാമ്പ്രദായിക കൂടിയേറ്റ മാതൃകകളെ കീഴ്‌മേല്‍ മറിച്ച കൂടിയേറ്റത്തിന് തുടക്കം കുറിച്ചവരെക്കുറിച്ചുള്ള പഠനമാണ് ‘സ്ത്രീകള്‍ ആദ്യം വന്നപ്പോള്‍ ‘ – When Women Come First. 1977 ല്‍ പത്തു വയസുകാരിയായ തന്നെയും രണ്ട് സഹോദരങ്ങളെയും പിതാവിനെ ഏല്പിച്ച് ബാംഗളൂരില്‍ നിന്ന് അമേരിക്കയിലേക്ക് വിമാനം കയറിയ അമ്മയുടെ യാത്രയെ ഓര്‍ത്തു കൊണ്ടാണ് ഷേബയുടെ പുസ്തകം ആരംഭിക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും കാണാത്ത സ്ത്രീകളുടെ ഈ കൂടിയേറ്റത്തിലൂടെ നമ്മുടെ രാജ്യത്തിനും കേരളീയ സമൂഹത്തിനും പിന്നിട് അമേരിക്കയിലെ മലയാളികളു ടെ ജീവിതത്തിനുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് ഷേബ നടത്തിയിരിക്കുന്നത്.
അമേരിക്കയിലേക്ക് കുടിയേറിയ ഒന്നാം തലമുറ നേഴ്‌സുമാര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, ഭാഷാപരമായ വിവേചനങ്ങള്‍, കുടുംബ ജീവിതം കരുപ്പിടുപ്പിക്കുന്നതിനു വേണ്ടി അവര്‍ അനുഭവിച്ച ത്യാഗങ്ങള്‍ ഇതേക്കുറിച്ചെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
അമേരിക്കന്‍ സായ് വിന്റെ ഡിഷ്ണറിയിലേക്ക് – ‘ നേഴ്‌സസ് ഹസ്ബന്‍സ് ‘ എന്നൊരു പുതിയ വാക്കു പോലും കോറിയിട്ടത് നാട്ടില്‍ നിന്ന് പോയ അച്ചായന്മാരാണ്. പണിയില്ലാതെ പിള്ളാരെ നോക്കിയിരിക്കുന്ന നേഴ്‌സുമാരുടെ ഭര്‍ത്താക്കമാര്‍ അക്കാലത്തും ഇന്നും സ്വയം പരിചയപ്പെടുത്തുന്നതും നേഴ്‌സസ് ഹസ് ബെന്‍സ് എന്ന പേരിലാണ്. ഇത്തരമൊരു അമേരിക്കന്‍ നേഴ്‌സിന്റെ ഭര്‍ത്താവിനെക്കുറിച്ച് സക്കറിയ എഴുതിയ ‘സലാം അമേരിക്ക ‘ എന്ന ചെറുകഥ വളരെ പ്രസിദ്ധമാണ്.
നേഴ്‌സുമാരുടെ ഭര്‍ത്താക്കന്മാരുടെ നാട്ടിലെ പൊളിറ്റിക്‌സും , പളളി ക്കമ്മറ്റി പിടിച്ചെടുക്കലും, സംഘടന ഉണ്ടാക്കലും എന്നു വേണ്ട അച്ചായന്മാരുടെ സകല തരികിട ഏര്‍പ്പാടുകളെയും ഷേബ തുറന്നു കാണിക്കുന്നുണ്ട്. അതുപോലെ നേഴ്‌സുമാരെ അമേരിക്കയിലെത്തിച്ച് പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നതിന് കൈസ്തവ സഭ കാണിച്ച മാതൃകളും ഈ പഠന ഗ്രന്ഥത്തില്‍ എടുത്തു പറയുന്നുണ്ട്.
മലയാളി നേഴ്‌സുമാരുടെ സാഹസികമായ കുടിയേറ്റത്തെ കുറിച്ചുള്ള ഈ കഥകളൊന്നും നമ്മുടെ പാo പുസ്തകത്തിലൊ സര്‍വ്വകലാശാലകളിലൊ പഠനവിഷയമാകാത്തതും ശ്രദ്ധേയമാണ്. നമ്മുടെ രാജ്യത്തിന് പേരും പെരുമയും ഒപ്പം സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന സഹോദരിമാരെ വേണ്ട രീതിയില്‍ ആദരിക്കാന്‍ പോലും നമുക്കായിട്ടില്ല. അവിടെയാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ പ്രസക്തി യെ നാം മാനിക്കേണ്ടത്. സര്‍വോപരി മലയാളി പെണ്ണുങ്ങളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജും അഭിനന്ദനം അര്‍ഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*