Don't Miss
Home / NEWS / Keralam / സുരേന്ദ്രന്‍ സന്നിധാനത്ത് പോയത് ആര്‍.എസ്.എസിനെ ലംഘിച്ച്; ബി.ജെ.പിയുടെ സമരം പുറത്തുമതിയെന്നും ആര്‍.എസ്.എസ് നിര്‍ദ്ദേശം

സുരേന്ദ്രന്‍ സന്നിധാനത്ത് പോയത് ആര്‍.എസ്.എസിനെ ലംഘിച്ച്; ബി.ജെ.പിയുടെ സമരം പുറത്തുമതിയെന്നും ആര്‍.എസ്.എസ് നിര്‍ദ്ദേശം

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല സന്നിധാനത്തെയടക്കമുള്ള പ്രത്യക്ഷ സമരത്തില്‍ നിന്ന് ബിജെപി പിന്മാറ്റം ആര്‍.എസ്.എസ് നിര്‍ദേശത്തെത്തുടര്‍ന്ന്. സന്നിധാനത്ത് രാഷ്ട്രീയ സമരം വേണ്ടെന്നും ബിജെപിയുടെ പ്രതിഷേധം പുറത്ത് മതിയെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സത്യഗ്രഹം എന്ന നിലയിലേക്കുള്ള ബി.ജെ.പിയുടെ ചുവടുമാറ്റം. യുവതികള്‍ എത്തിയാല്‍ തടയാനായി ശബരിമല കര്‍മസമിതിയുടെ സാന്നിധ്യം സന്നിധാനത്തുണ്ടാകും.

ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോയതെന്ന വിമര്‍ശനവും ആര്‍എസ്എസ് ഉന്നയിക്കുന്നു. ബിജെപിയിലെ ആര്‍എസ്എസ് ബിജെപി ക്യാംപുകളുടെ ഭിന്ന നിലപാടുകളും ഇതോടെ മറനീക്കി പുറത്തുവരികയാണ്. ഇന്നലെയാണ് ശബരിമലയിലെ സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചത്.

ശബരിമല വിഷയത്തില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നുമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് ചേരുന്ന യോഗത്തില്‍ ജില്ലാപ്രസിഡന്റ്, ഉപരി ഭാരവാഹികള്‍ പങ്കെടുക്കും. ശബരമല സന്നിധാനത്തും നിലയ്ക്കലും കേന്ദ്രീകരിച്ചുള്ള സമരപരിപാടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ജില്ലാകേന്ദ്രങ്ങള്‍ തോറും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചരണം ശക്തമാക്കാനാണ് തീരുമാനം. കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരായി പ്രതിഷേധ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയാകും. ശബരിമല വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയുെട നിലപാടുകളോടുള്ള വിമര്‍ശനലും നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും.

ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന സര്‍ക്കുലര്‍ വരെ തയാറാക്കി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിരുന്നിടത്തു നിന്നാണ് ബിജെപിയുടെ പിന്നോട്ടുപോക്ക്. സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും അനിശ്ചിതകാല നിരാഹാരമിരിക്കുക.

സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള ആര്‍എസ്എസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.