കോട്ടയം : വില കുത്തനെ ഇടിയുമ്പോള്‍ റബര്‍ വെട്ടിമാറ്റാതെ തന്നെ വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍. കൃഷിയിടത്തില്‍ അന്യംനിന്നു പോയ വിളകളെ തിരികെയെത്തിച്ചു റബറില്‍നിന്നുള്ള നഷ്ടം നികത്താനാണു ശ്രമം. മഞ്ഞള്‍, കൂവ തുടങ്ങിയവ റബറിന് ഇടവിളയായി കൃഷിചെയ്യുന്നതിനൊപ്പം തേനീച്ച വളര്‍ത്തലും പ്രോത്സാഹിപ്പിക്കാനാണു പദ്ധതി. ഇന്‍ഫാമിന്റെ നേതൃത്വത്തിലാണു റബര്‍ കര്‍ഷകരെ ബഹുവിള കൃഷിയ്ക്കു പ്രേരിപ്പിക്കുന്നത്. കാര്യമായ മുതല്‍മുടക്കോ പരിചരണമോ ആവശ്യമില്ലാതെ മികച്ച വരുമാനം ലഭിക്കുമെന്നതാണു തേനീച്ച വളര്‍ത്തല്‍, മഞ്ഞല്‍-കൂവ കൃഷിയുടെ ആകര്‍ഷണം.
തേന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ശേഖരിക്കുന്നതിനു നിലവില്‍ സംവിധാനങ്ങളുണ്ട്. കൂവപ്പൊടി, മഞ്ഞള്‍ തുടങ്ങിയവ വാങ്ങാനും വില്‍ക്കാനും കര്‍ഷകരുടെ ഇടയില്‍ത്തന്നെ സംവിധാനമൊരുക്കുയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.തേനും കൂവപ്പൊടിയും മഞ്ഞള്‍പ്പൊടിയുമൊക്കെ വിപണിയില്‍ സുലഭമാണെങ്കിലും മായംകലര്‍ന്നതാണ് ഏറെയും. ഓര്‍ഗാനിക് മഞ്ഞളിനും കൂവയ്ക്കും രാജ്യാന്തര മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ലഭിക്കുമെന്നതും ഇത്തരം വിളകളെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാണെന്നു ഇന്‍ഫാം സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റിയന് പറഞ്ഞു.
മുമ്പ് തോട്ടങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന കൂവച്ചെടികള്‍ കര്‍ഷകര്‍ പിഴുതുമാറ്റുകയായിരുന്നു പതിവ്. വിപണിയില്‍ യഥാര്‍ഥ കൂവപ്പൊടിയ്ക്കു വന്‍ വിലയാണ്. ഒരു കിലോ വന്‍ തേനിനു 150 രൂപയ്ക്കു മുകളിലും ചെറുതേനിന് 2000 രൂപ വരെയുമാണ് വില. ഏറ്റവും കൂടുതല്‍ തേന്‍ ഉല്പാദിപ്പിക്കുന്ന മരങ്ങളിലൊന്നു കൂടിയാണു റബറെന്നതിനാല്‍ കര്‍ഷകര്‍ക്കു തേനീച്ച വളര്‍ത്തലിലൂടെ വന്‍ നേട്ടം കൊയ്യാനാകുമെന്നാണു കണക്കുകൂട്ടല്‍. ഒരു കിലോ റബറിനു ലഭിക്കുന്നത് പരമാവധി 116 രൂപയാണ്. വില ഇനിയും താഴാനാണു സാധ്യതയെന്നും സൂചനയുണ്ട്. ഏഴു വര്‍ഷത്തെ പരിപാലനച്ചെലവ്, വളത്തിനും മറ്റുമായുള്ള ചെലവ്, ടാപ്പിങ്ങ് കൂലി, സംസ്കരണത്തിന്റെ പ്രശ്നങ്ങള്‍ എന്നിവ കണക്കുകൂട്ടിയാല്‍ 116 രൂപ കര്‍ഷകനു നഷ്ടമാണ്. വില കുറയുന്നതിന്റെ പേരില്‍ ചില കര്‍ഷകര്‍ ടാപ്പ് ചെയ്തു കൊണ്ടിരിക്കുന്ന റബര്‍ മരങ്ങള്‍ വെട്ടി മറ്റു കൃഷികള്‍ ആരംഭിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ സാധാരണ കര്‍ഷകര്‍ക്കു തിരിച്ചടിയാകുമെന്നതിനാലാണു റബര്‍ കൃഷി നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കൃഷി രീതികള്‍ക്കു തുടക്കമിടുന്നത്.
Home / AGRICULTURE / റബര്‍ വില താഴേയ്ക്ക്; കര്‍ഷകര്‍ മഞ്ഞളും കൂവയും ഇടവിളയാക്കുന്നു; തേനീച്ച കൃഷി വ്യാപകമാക്കുന്നു