Don't Miss
Home / Main Story / ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹ്നാഫാത്തിമ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമുള്ള പ്രകോപനം; വെട്ടിലായത് പോലീസും ദേവസ്വവും

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹ്നാഫാത്തിമ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമുള്ള പ്രകോപനം; വെട്ടിലായത് പോലീസും ദേവസ്വവും

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല നടപ്പന്തലിലേക്കെത്തിയത് കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്ര സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ അകമ്പടിയോടെയാണ് പ്രതിഷേധങ്ങള്‍ കടന്ന് ഇവര്‍ സന്നിധാനത്തെത്തിയത്.

ഹൈദരാബാദ് സ്വദേശിയായ കവിത റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായാണ് സന്നിധാനത്തേക്ക് പോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കവിത ശബരിമലയിലേക്ക് കയറാന്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു രംഗത്തെത്തിയത്. എന്നാല്‍ രാത്രി സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്നു പൊലീസ് നിലപാടെടുത്തതോടെ യാത്ര രാവിലത്തേക്ക് മാറ്റുകയായിരുന്നു.

ബിഎസ്എന്‍എല്‍ ജീവനക്കാരിയും മോഡലുമായ രഹ്ന ഫാത്തിമ രാവിലെ ആറു മണിയോടെയാണ് ശബരിമലയില്‍ എത്തിയത്. ഭര്‍ത്താവ് മനോജ് ശ്രീധരനും ഇവര്‍ക്കൊപ്പം മല കയറാനെത്തിയിരുന്നു. പമ്പയില്‍ വച്ച് ഇവരുടെ യാത്ര പൊലീസ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് എസ്പിയെത്തി സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി മല ചവിട്ടാന്‍ അനുവദിക്കുകയായിരുന്നു.

21 ദിവസം വ്രതമെടുത്താണ് രഹ്ന മല കയറാനെത്തിയതെന്നു ഇവരുടെ പങ്കാളി മനോജ് ശ്രീധരന്‍ പറയുന്നു. മുസ്ലീമായിരുന്ന രഹ്ന മതം മാറി ഹിന്ദുവായിട്ടുണ്ട്. സൂര്യ ഗായത്രിയെന്നു പേരു സ്വീകരിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പറയുന്നു.

നേരത്തെ സുപ്രീം കോടതി വിധി വന്നപ്പോള്‍ വ്രതം ആരംഭിച്ച് മാലയിട്ടതിന്റെ ഫോട്ടൊ രഹ്ന സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. അര്‍ധനഗ്നയായുള്ള ആ ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ നടക്കുന്നതിനെതിരേ മാറു തുറന്ന് പ്രതിഷേധിച്ചു സമരം നടത്തി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് രഹ്ന ഫാത്തിമ.

തൃശൂര്‍ പൂരത്തില്‍ ആദ്യമായി പെണ്‍പുലികള്‍ ഇറങ്ങിയത് രഹ്നയുടെ നേതൃത്വത്തിലായിരുന്നു. അതേസമയം രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട് അക്രമികള്‍ അടിച്ചു തകര്‍ത്തു. പനമ്പിള്ളി നഗറിലെ വീട് ബൈക്കിലെത്തിയ സംഘമാണ് അടിച്ചു തകര്‍ത്തത്. വീട്ടിലെ സാധനങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്.