Don't Miss
Home / Main Story / EXCLUSIVE: എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയ്‌നികള്‍ക്ക് ചൊറി പടരുന്നു; അതീവ ഗുരുതരമായ ത്വക്ക് രോഗം പിടിപെട്ട് 40ഓളം പേര്‍;അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല; ക്യാമ്പുകളുടെ അവസ്ഥ അതീവ ദയനീയം

EXCLUSIVE: എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയ്‌നികള്‍ക്ക് ചൊറി പടരുന്നു; അതീവ ഗുരുതരമായ ത്വക്ക് രോഗം പിടിപെട്ട് 40ഓളം പേര്‍;അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല; ക്യാമ്പുകളുടെ അവസ്ഥ അതീവ ദയനീയം

About The Author

അനാമിക അരുണ്‍കുമാര്‍

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനികള്‍ക്ക് ത്വക്ക് രോഗം പടരുന്നു. രണ്ടു കമ്പനികളിലായി 200ഓളം പേരാണ് ഇപ്പോള്‍ ട്രെയിനിംഗ് നടത്തുന്നത്. ഇതില്‍ 60 ശതമാനത്തോളം പേര്‍ക്ക് ത്വക്ക് രോഗം പിടിപെട്ടിട്ടുണ്ട്. സ്‌കാബീസ് രോഗമാണ് ഇതെന്നും എന്നാല്‍ ഈ വിവരം പുറത്തറിയാതിരിക്കാനാണ് ചൂടുകുരുവെന്നു പറയുന്നതെന്നും ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോടു പറഞ്ഞു. രോഗം പടരാന്‍ തുടങ്ങിയതോടെ ക്യാമ്പ് അധികൃതര്‍ ഡിഎംഒയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലം പരിശോധിച്ച ഡിഎംഒയും സംഘവും ചൂടുകുരുവാണ് ഇതെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ചൊറിച്ചിലും തൊലിയില്‍ നിറവ്യത്യാസം കാണുകയുമായിരുന്നു. പരിശീലനം നടത്തുന്നവരില്‍ ചിലര്‍ പുറമെ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് സ്‌കാബീസ് രോഗം സ്ഥിരീകരിച്ചത്.
ക്യാമ്പിനുള്ളില്‍ ഡ്രെയിനേജ് പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പുതിയ ട്രെയിനികള്‍ പരിശീലനത്തിനെത്തുന്നതിനു മുമ്പുതന്നെ ഇവിടെ ഡ്രെയിനേജ് പൊട്ടിയൊലിക്കുകയായിരുന്നു. ഇത് അധികൃതരെ അറിയിച്ചെങ്കിലും ശരിയാക്കാന്‍ ആരും തയാറായില്ല. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ജീവനക്കാരാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്. ഇവിടുത്തെ ഡ്രെയിനേജ് ലൈനും വര്‍ഷങ്ങള്‍ക്കു മുമ്പേ സ്ഥാപിച്ചതാണ്. അതിനാല്‍തന്നെ ജീവനക്കാരുടെ ബാഹുല്യം കൂടിയതോടെ ഡ്രെയിനേജ് ലൈനിലൂടെ പോകുന്ന മാലിന്യത്തിന്റെ അളവും കൂടിയിട്ടുണ്ട്. മാത്രമല്ല മഴ കൂടി പെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. പലയിടത്തും ഡ്രെയിനേജ് ലൈന്‍ ബ്ലോക്കുണ്ട്. മുന്‍കാലങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമായിരുന്നു. ഇത്തവണ അതുണ്ടായിട്ടില്ല. ഇതിനിടെയാണ് പുതിയ പൊലീസുകാരുടെ ട്രെയിനിംഗ് ആരംഭിച്ചത്. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളില്‍ ഉറക്കമുണര്‍ന്നിരുന്ന് കൊതുകിനെ തുരത്തേണ്ട ഗതികേടിലാണ് ട്രെയിനികള്‍. ഇവര്‍ സ്വന്തം നിലയില്‍ കൊണ്ടുവരുന്ന കൊതുകുവല മാത്രമാണ് ഏക ആശ്രയം.

കൊതുകു ശല്യത്തിനു പുറമെ തെരുവുനായ്ക്കളും ഇവിടെ പെറ്റുപെരുകുകയാണ്. 25ഓളം നായ്ക്കളാണ് ക്യാമ്പിനുള്ളില്‍ തമ്പടിച്ചിരിക്കുന്നത്. ക്യാമ്പിനുള്ളിലെ ആഹാര സാധനങ്ങള്‍ കഴിച്ച് അവിടെത്തന്നെ പെറ്റു പെരുകുകയാണ് ഇവ. ക്യാന്റീനില്‍ നിന്നും മിച്ചം വരുന്ന ആഹാര സാധനങ്ങള്‍ അവിടെ പ്രത്യേകം കുഴിയെടുത്ത് അതില്‍ നിക്ഷേപിക്കുകയാണ് പതിവ്. ആഹാരം സ്ഥിരമയി കിട്ടുമെന്നതിനാല്‍ ഇവയൊന്നും ക്യാമ്പ് വിട്ട് പോകാത്ത സ്ഥിതിയായി മാറി. ഇവിടെത്തന്നെ പെറ്റു പെരുകുകയും ചെയ്യുന്നുണ്ട്. നായ്ക്കളില്‍ നിന്നുള്ള ചെള്ളുശല്യവും പരിശീലനത്തിനെത്തിയവര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി എസ്എപി ക്യാമ്പ് കമാന്റന്റിനോട് കാര്യം ധരിപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരിശീലനത്തിനെത്തിയവര്‍ പറയുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മട്ടില്‍ ഇതും ലാഘവത്തോടെ എടുത്തതാണ് രോഗം പടരാന്‍ കാരണമായിരിക്കുന്നത്.
സ്‌കാബീസ് രോഗം പടരുന്നത് നായ്ക്കളില്‍ നിന്നുള്ള ചെള്ളില്‍ നിന്നും കൊതുകില്‍ നിന്നുമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഡ്രെയിനേജ് പൊട്ടിയൊലിക്കുന്നതാണ് കൊതുകുകള്‍ പെരുകാന്‍ കാരണം. ഇതിനു പുറമെ നായ്ക്കളുടെ ശല്യവും വര്‍ധിച്ചത് രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിക്കാന്‍ കാരണമായി. പൊലീസുകാര്‍ക്കിടയില്‍ രോഗം പടരുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസ് അസോസിയേഷന്‍ നേതാക്കളെയും വിവരം അറിയിച്ചിട്ടും അവര്‍പോലും ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.