Don't Miss
Home / HEALTH / ഷിമോഗയിലെ മരുന്നില്‍ ക്യാന്‍സര്‍ സുഖമാക്കുന്ന ഒരു പദാര്‍ത്ഥം പോലുമില്ല; ക്യാന്‍സര്‍ ഭേദമാകില്ലെന്ന് മാത്രമല്ല ഉള്ള ജീവിതം പെട്ടെന്നുതന്നെ തീരാനും അവസരമൊരുക്കുന്നു; ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഷിമോഗയിലെ മരുന്നില്‍ ക്യാന്‍സര്‍ സുഖമാക്കുന്ന ഒരു പദാര്‍ത്ഥം പോലുമില്ല; ക്യാന്‍സര്‍ ഭേദമാകില്ലെന്ന് മാത്രമല്ല ഉള്ള ജീവിതം പെട്ടെന്നുതന്നെ തീരാനും അവസരമൊരുക്കുന്നു; ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വെറും നാനൂറു രൂപയ്ക്ക് ക്യാന്‍സറിന് മരുന്ന് നല്‍കുന്ന കര്‍ണാടകയിലെ ചികിത്സാകേന്ദ്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍പ്രചാരണമാണ് ഉണ്ടായിരുന്നത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് അശാസ്ത്രീയമാണെന്ന് തെളിഞ്ഞിട്ടും നിരവധിപേരാണ് ഷിമോഗയിലേക്ക് പോകുന്നത്. എന്നാല്‍ ഇവിടുന്ന് ലഭിക്കുന്ന മരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഷിമോഗയിലെ മരുന്നിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കാനായിരുന്നു ഷിമോഗ ഫാൻസ് അസോസിയേഷൻ്റെ വെല്ലുവിളി. ഇപ്പൊ ആ പ്രശ്നവും തീർന്നിരിക്കുന്നു.
ഷിമോഗയിലെ നാരായണമൂർത്തിയുടെ തട്ടിപ്പിനെക്കുറിച്ച് ഒന്നിലേറെത്തവണ മുൻപ് എഴുതിയിട്ടുണ്ട്. ആ കഥകളുടെ കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി.
കെമിക്കൽ അനാലിസിസിനു വലിയ ചിലവാകുമെന്നും എന്താണുള്ളതെന്ന് പോലുമറിയാത്ത പൊടിയിൽ നിന്ന് എന്ത് കണ്ടുപിടിക്കാനാണു വെല്ലുവിളിക്കുന്നതെന്ന് ചോദിക്കുന്നതുമൊന്നും ഇവരുടെ ചെവിയിൽ കയറില്ല.
ഷിമോഗയിലെ മരുന്നിൻ്റെ രാസവിശകലനം നടത്തിയ ഡോ.സിറിയക് അബി ഫിലിപ്സും കൂട്ടരും ലിവർ യൂണിറ്റ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ കണ്ടെത്തിയ വിവരങ്ങൾ അല്പമെങ്കിലും ബോധമുള്ളവരെ ഞെട്ടിപ്പിച്ചേക്കാം.
ഏതാണ്ട് അഞ്ച് സെൻ്റിമീറ്റർ വലിപ്പമുള്ള കരളിലെ ട്യൂമറുമായാണ് അറുപത് വയസുള്ള ആ ചേട്ടൻ ആശുപത്രിയിലെത്തിയത്. അപ്പോൾ നിർദേശിക്കപ്പെട്ട ചികിൽസാരീതി താരതമ്യേന ലളിതമായ ഒന്നായിരുന്നു. കരളിലെ ആ തടിപ്പ് കരിച്ചുകളയുക എന്നത്. ആ ചികിൽസ ചെയ്യുന്ന മിക്കവർക്കും അതിനു നല്ല ഫലവും ലഭിച്ചിരുന്നു.
പക്ഷേ വാട്സാപ്പും ഫേസ്ബുക്കും നോക്കി ഷിമോഗയിലെ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞ അവർ ഷിമോഗയിലേക്ക് പോയി. അവിടത്തെ പൊടി വാങ്ങിക്കഴിച്ചു. ഒപ്പം അവിടത്തെ ” പഥ്യമെന്ന ” പേരിൽ നടത്തുന്ന ഭക്ഷണനിയന്ത്രണവും അനുസരിച്ചു.
രണ്ട് മാസം കൊണ്ട് രോഗിക്ക് 16 കിലോ ഭാരം കുറഞ്ഞു. ഇത് കാൻസർ രോഗികളിൽ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക. കാരണം ആവശ്യത്തിനു പോഷണം വേണ്ടിടത്ത് ഭാരനഷ്ടം ദുരന്തഫലമുളവാക്കും. കൂടാതെ രോഗിക്ക് നേരത്തെ ഇല്ലാതിരുന്ന മഞ്ഞപ്പിത്തവും (new onset jaundice) വയറിനുള്ളിൽ വെള്ളം കെട്ടലും (ascites) ആരംഭിച്ചു. പൊടി ഫലിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ അവർ വീണ്ടും ആധുനിക വൈദ്യത്തിലേക്ക് തിരിച്ചുവന്നു.
പക്ഷേ അപ്പൊഴേക്ക് വൈകിപ്പോയിരുന്നു. നേരത്തെ പറഞ്ഞിരുന്ന ചികിൽസാരീതി ഗുരുതരമായ കരൾ രോഗമുള്ള അവസ്ഥയിൽ ചെയ്യുവാൻ കഴിയില്ല. അയാൾക്ക് അവശേഷിച്ചിരുന്ന വഴി പാലിയേറ്റീവ് കെയർ മാത്രമായിരുന്നു. ഒരു ഇര കൂടി ഷിമോഗയ്ക്ക്…ജീവിതം ഒരാളുടെ കൂടി ആവശ്യമായിരുന്നതിലും വളരെ നേരത്തെ അവസാനിച്ചു…
കെമിക്കൽ അനാലിസിസിൽ (പ്രതീക്ഷിച്ചതുപോലെതന്നെ) കരളിനു ഗുരുതരമായി കേടുണ്ടാക്കാവുന്ന ഹെവി മെറ്റലുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. (വിശദ റിപ്പോർട്ട് ആദ്യ കമൻ്റിൽ). ഒരു പാരസെറ്റമോളിനു പോലും ” സൈഡ് എഫക്റ്റ് ” ഉണ്ടോ എന്ന് ചോദിക്കുന്നവർ ഒരു ചോദ്യവും പറച്ചിലുമില്ലാതെ കഴിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വസ്തുക്കളുടെ ലിസ്റ്റ് കേൾക്കൂ…
ബോറോൺ, മാംഗനിസ്, ആഴ്സനിക്,കാഡ്മിയം, നിക്കൽ, മെർക്കുറി, ആൻ്റിമണി, താലിയം, കൊബാൾട്ട്, വനേഡിയം, ലെഡ് എന്നിവയാണ് അവയിൽ പ്രധാനികൾ. ഇതിൽ കൂടുതൽ മെറ്റലുകൾ ഇനി പീരിയോഡിക് ടേബിളിൽ മാത്രമേ കാണാൻ കഴിയൂ.
കാൻസർ സുഖമാക്കുന്ന ഒരു പദാർഥം പോലും കണ്ടെത്താനായില്ല. പക്ഷേ പൈറോണുകൾ എന്നറിയപ്പെടുന്ന പദാർഥങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇവ ഉത്കണ്ഠ കുറയ്ക്കുന്ന ഒരുതരം രാസവസ്തുവാണ്. പക്ഷേ പാർശ്വഫലങ്ങളുണ്ടെന്ന് തെളിഞ്ഞിരിക്കുന്നതിനാൽ നിരോധിക്കപ്പെട്ടതുമാണ്.
ചുരുക്കത്തിൽ ഷിമോഗയിലെ തട്ടിപ്പ് കാൻസർ ഭേദമാക്കില്ലെന്ന് മാത്രമല്ല ഉള്ള ജീവിതം പെട്ടെന്നുതന്നെ തീരാനും അവസരമൊരുക്കുകയാണ് ചെയ്യുന്നത്..
കെമിക്കൽ അനാലിസിസിനും വിവരങ്ങൾക്കും കടപ്പാട് :
Dr Cyriac Abby Philips
ഗവേഷണ ഡിവിഷൻ: ലിവർ യൂണിറ്റ്,
കൊച്ചിൻ ഗാസ്ട്രോഎൻററോളജി ഗ്രൂപ്പ്
തക്ക സമയത്ത് കൃത്യമായ ചികിൽസ കിട്ടിയെങ്കിൽ മിക്കപ്പോഴും സുഖമാക്കാവുന്നവയാണ് കാൻസറുകൾ. അങ്ങനെയല്ലാത്തപ്പോൾ ചുരുങ്ങിയ പക്ഷം കുറച്ചു കൂടി ഗുണമേന്മയുള്ള ജീവിതവുമായി കുറച്ചു കൂടി കാലം ജീവിതം ചിലവഴിക്കാവുന്നതും. ഓരോരുത്തരും അത് അര്‍ഹിക്കുന്നുണ്ട്
നാരായണമൂർത്തി സ്വയം ഡയഗ്നോസ് ചെയ്ത് ചികിൽസിച്ച് സുഖപ്പെടുത്തിയ കഥ ഒരു ഷിമോഗ ഫാനും പറഞ്ഞുകേട്ടിട്ടില്ല. ഷിമോഗ ഫാൻ മാത്രമല്ല, വൈദ്യനെന്ന് അവകാശപ്പെടുന്ന മോഹനനോ ജേക്കബ് വടക്കനോ ഒന്നും പറയില്ല… ആധുനിക വൈദ്യം തന്നെയാണ് കാൻസർ കണ്ടെത്തുന്നത്. അപ്പോൾ ഫലപ്രദമായ ചികിൽസയ്ക്കും ആധുനിക വൈദ്യത്തിനേ കഴിയൂ എന്നത് തികച്ചും യുക്തിപരമായ വിശദീകരണം മാത്രം.
കാൻസർ എന്ന ഒറ്റ വാക്കുകൊണ്ട് തരം തിരിക്കാവുന്നതല്ല അർബുദം. ഏത് അവയവത്തിൽ വരുന്നെന്നനുസരിച്ചും ഏത് തരത്തിലുള്ളവയാണെന്നതനുസരിച്ചും വിദഗ്ധ രോഗനിർണയവും ഓരോന്നിനും വെവ്വേറെ രീതികളിലുള്ള ചികിൽസയും ആവശ്യമുള്ള രോഗമാണത്. ശ്വാസകോശത്തിലെ അർബുദത്തിനുള്ള ചികിൽസയാവില്ല ആമാശയത്തിലേതിന്. എല്ലാ കാൻസറുകൾക്കും ചികിൽസ കീമോതെറാപ്പിയുമാകണമെന്നില്ല. ചിലതിനു സർജറിയാവാം. ചിലതിനു റേഡിയേഷനാവാം. ചിലതിന് ഇവയിലേതിൻ്റെയെങ്കിലും കോമ്പിനേഷനുകളാവാം…
അല്ലാതെ, രോഗിയെ കാണുകപോലും ചെയ്യാതെ ഒരു കിഴിക്കുള്ളിലെ മരുന്നുകളെടുത്തുകൊടുത്ത് അർബുദം സുഖപ്പെടുത്തുന്നെന്നൊക്കെ അവകാശപ്പെടുന്നതിലെ വിഡ്ഢിത്തം സ്വയം തിരിച്ചറിയണം…അതുപോലെ തുടങ്ങിയിട്ടുള്ള ഏറ്റവും പുതിയ സംഗതിയാണ് ഷിമോഗയുടെ ഫ്രാഞ്ചൈസികൾ. അവിടെനിന്ന് മരുന്ന് വാങ്ങിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്ന പ്രവണത.അങ്ങനെ ആരെങ്കിലുമൊക്കെ പെരുവഴിയേ നടന്ന് വിൽക്കാമായിരുന്ന ഒരു മരുന്നുണ്ടായിരുന്നെങ്കിൽ എന്നേ കാൻസർ ഇന്ത്യയിൽ നിന്നേ വേരോടെ പിഴുതെറിയാമായിരുന്നു?
ഇതിൽ പണമില്ല, വെറും സേവനം മാത്രമെന്ന് അവകാശപ്പെടുന്നവർ ഒരു ഓൺ ലൈൻ സൈറ്റിൽ ഷിമോഗ മാഹാത്മ്യത്തെക്കുറിച്ച് വന്ന ഏതാനും വരികളിലേക്ക് ശ്രദ്ധിച്ചാൽ മതി.
ഒരു ദിവസം ഷിമോഗയിൽ വരുന്നത് 400-600 ആളുകളാണെന്ന് അതിൽ പറയുന്നു. നമുക്കൊരു അഞ്ഞൂറിൽ റൗണ്ട് ചെയ്യാം. ആഴ്ചയിൽ രണ്ട് ദിവസമേ ഉള്ളു ” ചികിൽസ ” എന്ന് വച്ചോളൂ. ഒരു വർഷം 52 ആഴ്ചയാണുള്ളത്. നമുക്ക് 50 മതി. അപ്പൊ ഒരു വർഷം അവിടെ ചെല്ലുന്നവരുടെ എണ്ണം 500 x 50 x 2 = 50,000
ഒരാൾക്ക് നാനൂറ് രൂപ വച്ച് അൻപതിനായിരം പേർക്ക് – 2 കോടി രൂപ. പാർക്കിങ്ങ് ഫീ അൻപത് രൂപയാണെന്ന് പറയുന്നു. നൂറ് പേര് വണ്ടി പാർക്ക് ചെയ്താൽ ആ വകുപ്പിൽ മാത്രം അഞ്ച് ലക്ഷമാണ്. അതുപോലെ അതെ ചുറ്റിപ്പറ്റി കച്ചവടങ്ങൾ പൊടിപൊടിക്കും.
ഈ ” മരുന്ന് ” യഥാർഥത്തിൽ ഫലം ചെയ്യുന്നതായിരുന്നെങ്കിൽ ചെയ്യേണ്ടിയിരുന്നത് അതെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തി ലോകത്ത് മുഴുവൻ വിതരണം ചെയ്ത് കാൻസറിനെ ഉന്മൂലനം ചെയ്യുകയായിരുന്നു. കുറഞ്ഞപക്ഷം ഒരു പദ്മശ്രീയോ (അതിനിയാണേലും കിട്ടാനിടയുണ്ട്) നോബൽ പ്രൈസ് വരെയോ ലഭിക്കാനിടയുള്ള സംഗതിയാണ് കാൻസറിൻ്റെ ഒരേയൊരു മരുന്നെന്നത്…
മറ്റേതോ രാജ്യത്തിൻ്റെ എവിടെയോ ഇരുന്ന് ഒരാൾ കണ്ടെത്തിയ പോളിയോ – വസൂരി വാക്സിനുകളും ആൻ്റിബയോട്ടിക്കുകളും ഒക്കെ ഉപയോഗിച്ച് ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നിട്ട് ഈ മരുന്ന് കിട്ടണേൽ ഷിമോഗ വരെ വരണമെന്ന് പറയുന്നതിൽത്തന്നെ സ്വാർഥതയില്ലേ? വേറൊന്നും കൊണ്ടല്ല. ശാസ്ത്രീയതയുടെ ആദ്യത്തെ പടിയിൽത്തന്നെ മൂക്കുകുത്തി വീഴും ഇത്..
രോഗിയെ കൊണ്ട് പോകേണ്ട എന്നതാണ് ഏറവും വലിയ ആകര്‍ഷണീയത , കീമോതെറാപ്പി , റേഡിയോ തെറാപ്പി , സര്‍ജറി തുടങ്ങിയവയെ കുറിച്ചുള്ള ഭയം മറ്റൊന്ന്. യഥാര്‍ത്ഥ ശാസ്ത്രീയചികിത്സകര്‍ സാധ്യമായ അനന്തരഫലങ്ങളെ കുറിച്ചും ചികിത്സയുടെ പരിമിതികളെകുറിച്ചും പറഞ്ഞ് തരുമ്പോള്‍ ഇത്തരക്കാര്‍ ഇതൊന്നും ഒന്നുമല്ല, ഇതിലും വലുത് മാറിയിട്ടുണ്ട് എന്ന്‍ പ്രതീക്ഷ കൊടുക്കുന്നു . ഇതൊക്കെ കേള്‍ക്കുമ്പോള്‍ സ്വതവേ ആശയക്കുഴപ്പത്തിലായ ഒരാള്‍ക്ക് ഒട്ടൊരു സമാധാനം തോന്നും. പിന്നെ നേരെ വെച്ച് പിടിക്കും.
ഒരു ചികിത്സയും ചെയ്തില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ലാതെ ഇരിക്കുന്ന അവസ്ഥ രോഗങ്ങള്‍ക്ക് ഉണ്ടാകാം. അപ്പൊ മരുന്നൊന്നും ഇല്ലാതെയും രോഗിക്ക് കുഴപ്പമൊന്നുമില്ല, രോഗം മാറി എന്ന രീതിയില്‍ പ്രചരിക്കും. പക്ഷെ രോഗം അവിടെ പതിന്മടങ്ങ് ശക്തി പ്രാപിചിട്ടുണ്ടാകും. പിന്നെ കുറച് കഴിഞ്ഞ് രോഗം മൂര്‍ച്ചിച്ച് രോഗി അത്യാസന്നനിലയില്‍ ആകുമ്പോള്‍ തന്റെ വിധി എന്ന്‍ കരുതി സമാധാനിക്കും.
മറ്റൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും നല്ല ഒരു ജീവിതാന്ത്യമെങ്കിലും രോഗികൾ അർഹിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ ചിലരുടെ അന്ത്യം നേരത്തെയാക്കുന്നു…ചിലരുടേത് ദുരിതപൂർണവും..
എല്ലാത്തരത്തിലും ആശയറ്റവർ മാത്രമേ ഇതുപോലെയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നുള്ളൂ എന്നും അവരു മരിക്കുന്നതിൽ നിങ്ങൾക്കെന്താ ഡോക്ടറേ എന്ന രീതിയിലുമുള്ള കമൻ്റുകൾ ഒന്നിലേറെ കണ്ടിരുന്നു. ആ ധാരണയ്ക്ക് വിരുദ്ധമായ പത്തൊൻപത് വയസുകാരനായ എഞ്ചിനീയറിങ്ങ് വിദ്യാർഥിയുടെ സംഭവവും മുൻപ് പങ്കുവച്ചിരുന്നു.
ഒരു വൻ ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ആ കുട്ടി ഇപ്പോൾ പഠനം തുടരാനുള്ള തയ്യാറെടുപ്പിലാണ്. ആ കുട്ടിയുടെ അച്ഛൻ പറഞ്ഞ ഒരു കാര്യം കൂടിയുണ്ട്…അവർക്ക് അബദ്ധം പറ്റാൻ ഒരു കാരണം സോഷ്യൽ മീഡിയയിൽ കൂടി വൻ തോതിൽ പ്രചരിക്കുന്ന രോഗ സൗഖ്യ സാക്ഷ്യങ്ങൾ കൂടിയാണെന്ന്…താൽക്കാലികമായ സൗഖ്യം തോന്നുന്ന അവസരങ്ങളിലിടുന്ന അത്തരം വീഡിയോകളുടെ പിന്നാമ്പുറങ്ങൾ ആരന്വേഷിക്കാൻ…
PS: സയൻസോ ഫാക്റ്റോ എഴുതുന്നത് റീച്ചുണ്ടാക്കാൻ വളരെ പ്രയാസമാണ്. മറ്റേ വീഡിയോ കണ്ടത് ലക്ഷങ്ങളാണെങ്കിൽ ഇത് കാണുന്നത് അതിൻ്റെ പത്തിലൊരംശം ആളുകളാവും. അതുകൊണ്ട് ഈ പ്രൊഫൈൽ ആക്ടീവായി ഫോളോ ചെയ്യുന്നവർ വിചാരിച്ചാലേ അത്രയുമെങ്കിലും ആൾക്കാരിലെത്തൂ.
ജസ്റ്റ് ഇത്രയും ചെയ്താൽ മതി. പറ്റാവുന്നവർ വാളിലേക്ക് ഷെയറോ കോപ്പി പേസ്റ്റോ ചെയ്യുക. അല്ലാത്തവർ ഒരു മൂന്ന് പേരെ പോസ്റ്റിനുതാഴെ കമൻ്റിൽ ടാഗ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

*