Don't Miss
Home / COVER STORY / ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ളയുടെ ആത്മസംഘർഷങ്ങളുടെ കഥയുമായി സഹോദരന്റെ നോവൽ. ‘സിദ്ധാർത്ഥ ‘നെ കുറിച്ച് മനസ് തുറന്ന് ഡോ.രാജ് മോഹൻ പിള്ള… അഭിജ മേനോൻ നടത്തിയ അഭിമുഖ സംഭാഷണം

ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ളയുടെ ആത്മസംഘർഷങ്ങളുടെ കഥയുമായി സഹോദരന്റെ നോവൽ. ‘സിദ്ധാർത്ഥ ‘നെ കുറിച്ച് മനസ് തുറന്ന് ഡോ.രാജ് മോഹൻ പിള്ള… അഭിജ മേനോൻ നടത്തിയ അഭിമുഖ സംഭാഷണം

തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഒരു മലയാളിയും മറക്കാത്ത സംഭവമാണ് ബിസ്ക്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായി രാജൻ പിള്ളയുടെ തിഹാർ ജയിലിൽ വച്ചുണ്ടായ ദുരൂഹ മരണം . കൊല്ലം പോലൊരു ചെറുപട്ടണത്തിൽ ജനിച്ചു വളർന്ന് ലോകത്തെ പ്രമുഖ വ്യവസായി വളർന്ന രാജൻ പിള്ള മലയാളിയുടെ അഭിമാനവും പ്രചോദനവുമായിരുന്നു.രാജൻ പിള്ളയുടെ ജീവിതത്തെ വിഷയമാക്കി ഹത്തിന്റെ വിയോഗത്തിന്റെ 24 ആം വർഷത്തിൽ ഇളയ സഹോദരനായ വ്യവസായി ഡോ. രാജ് മോഹൻ പിള്ള എഴുതിയ ‘സിദ്ധാർത്ഥൻ ‘ എന്ന നോവൽ പുറത്തു വന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഈ നോവലിനെയും രാജൻ പിള്ളയുടെ ജീവിതത്തിലെ അറിയാത്ത ഏടുകളെ കുറിച്ചും രാജ്മോഹൻ പിള്ള തുറന്നു സംസാരിക്കുന്നു.

ചോദ്യം: രാജൻ പിള്ളയുടെ വിയോഗത്തിന് രണ്ടരപ്പതിറ്റാണ്ടാകുമ്പോൾ ഇങ്ങനെ ഒരു നോവലിന് എന്താണ് പ്രസക്തി?

രാജ് മോഹൻ പിള്ള: രാജണ്ണൻ – അങ്ങനെയാണ് 16 വയസിന് എന്നേക്കാൾ മുതിർന്ന സഹോദരനായ രാജൻ പിള്ളയെ ഞാൻവിളിക്കുന്നത്- എന്റെ എക്കാലത്തെയും ഹീറോയും റോൾ മോഡലും ആയിരുന്നു. രാജണ്ണന്റെ വിജയകഥകൾ കേട്ടാണ് ഞാൻ വളർന്നുവന്നത്. അതുകൊണ്ടു തന്നെ രാജണ്ണനുണ്ടായ ദുരന്തം എന്നെ വ്യക്തിപരമായി അടിമുടി ഉലച്ചു കളഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിലേക്ക് വഴിതെളിച്ച ഉപജാപങ്ങളെക്കുറിച്ചും ചതികളെക്കുറിച്ചുമുള്ള ഒരു പുസ്തകം ഞാൻ എഴുതുകയുണ്ടായി. ” എ വേയ്സ്റ്റഡ് ഡെത്ത് ” എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചത് പെൻഗ്വിൻ ആണ്. വായനക്കാർക്കിടയിൽ നല്ല രീതിയിൽ ആ പുസ്തകം സ്വീകരിക്കപ്പെടുകയും ഉണ്ടായി.എന്നാൽ അവസാന കാലത്തെ രാജണ്ണന്റെ ജീവിത ദർശന തത്തക്കുറിച്ചോ തത്വചിന്താപരമായ ആശങ്കകളെ കുറിച്ചോ ആ പുസ്തകത്തിൽ വിശദമായി പറയുന്നില്ല. അതിനു ഒരു തുടർപുസ്തകം വേണമെന്ന് തോന്നി. അത് നോവൽ രൂപത്തിൽ ആകുന്നതാകും കൂടുതൽ നല്ലതെന്നും തോന്നി .അങ്ങനെയാണ് ഈ നോവൽ പിറക്കുന്നത്.

ചോദ്യം: നോവലിന്റെ ഉള്ളടക്കം പൂർണ്ണമായും രാജൻ പിള്ളയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണോ?

രാജ് മോഹൻ പിള്ള: എന്റെ ബാല്യത്തിൽ തന്നെ രാജണ്ണൻ വളരെ തിരക്കുള്ള ഒരു വ്യവസായി ആയി മാറിയിരുന്നു. സിങ്കപ്പൂർ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അന്നൊക്കെ വല്ലപ്പോഴും മാത്രം വീട്ടിലെത്തിയിരുന്ന രാജണ്ണനുമായി കാര്യമായ സംസാരം പോലും ഉണ്ടായിട്ടില്ല. പിന്നീട് 1995 ൽ പ്രശ്നങ്ങളിൽ പെട്ട് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ കാലത്താണ് ഞങ്ങൾ ജീവിതത്തിലാദ്യമായി 3 മാസം ഒരുമിച്ചുണ്ടാകുന്നത്. ആ സമയത്താണ് അദ്ദേഹം ഉള്ളുതുറന്ന് എന്നോട് സംസാരിക്കുന്നത്. കഠിനാധ്വാനിയും ആർക്കും ഉപദ്രവം ചെയ്യാത്തവനുമായ തനിക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു വീഴ്ചയുണ്ടായി എന്ന് അദ്ദേഹം വല്ലാതെ വേദനിച്ചിരുന്നു. ജീവിതത്തെ കുറിച്ച് താത്വികമായി ഏറെ എന്നോട് സംസാരിച്ചിരുന്നു. അതാണ് പ്രധാനമായും ‘സിദ്ധാർത്ഥ ‘ന്റെ ഉള്ളടക്കം. എന്നാൽ എനിക്കറിയാത്ത അദ്ദേഹത്തിന്റെ ബാല്യ കൗമാരകാലത്തെ കുറിച്ചു എഴുതുമ്പോൾ ഞാൻ എന്റെ ഭാവനയ്ക്ക് കാര്യമായ സ്വാതന്ത്ര്യം നല്കുന്നുണ്ട്. പലയിടത്തും എന്റെ കാഴ്ചപ്പാടും ഫിലോസഫിയും ഒക്കെ സിദ്ധാർത്ഥനിലേക്ക് പരകായപ്രവേശം ചെയ്യപ്പെടുന്നുണ്ട്.

ചോദ്യം: ലണ്ടനിൽ പ്രഭാത ഭക്ഷണം, ആംസ്റ്റർഡാമിൽ ഉച്ചഭക്ഷണം, പാരീസിൽ അത്താഴം . ഇങ്ങനെയൊക്കെയായിരുന്നു രാജൻ പിള്ളയുടെ ജീവിതമെന്ന് കേട്ടിട്ടുണ്ട്. എത്രത്തോളം വാസ്തവമുണ്ട് ഇതിൽ?

രാജ് മോഹൻ പിള്ള: അത് ഏറെക്കുറേ സത്യമാണ്.( ചിരിക്കുന്നു). രാജണ്ണന്റെ ബിസിനസ് ശൈലി അതായിരുന്നു. സമൂഹത്തിലെ ഉന്നതരുമായി ഉണ്ടാക്കിയെടുക്കുന്ന അടുത്ത സൗഹൃദം. അതിനു വേണ്ടി നടത്തുന്ന രാജ്യാന്തര യാത്രകൾ,സംഘടിപ്പിക്കുന്ന പാർട്ടികൾ. അവയൊക്കെ മികച്ച ബിസിനസ് അവസരങ്ങളാക്കി മാറ്റിയെടുക്കുന്നതിലുള്ള വൈഭവം ഒന്നു വേറേ തന്നെയായിരുന്നു. സുഹൃത്തുക്കളിൽ രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, കായിക താരങ്ങൾ തുടങ്ങി ഒട്ടേറെ പേരുണ്ടായിരുന്നു.
ഒരു ഉദാഹരണം പറയാം. ലണ്ടനിലെ ഹോലണ്ട് പാർക്കിൽ ആഡിസൺ റോഡിലുള്ള രാജണ്ണന്റെ വസതിയിൽ ഒരവധിക്കാലം ചെലവഴിക്കാനാണ് ഞാനും ഞങ്ങളുടെ അടുത്ത ബന്ധുവുമായ അംബിക പിള്ളയും (ഇപ്പോഴത്തെ പ്രമുഖ ഹെയർസ്റ്റൈലിസ്റ്റ് ) എത്തിയത്. രാജണ്ണൻ അപ്പോൾ എത്തിയിട്ടില്ല. ഞങ്ങൾ വസതിയിലേക്ക് കയറുമ്പോൾ ഒരാൾ സന്ദർശക മുറിയിൽ ഇരിക്കുന്നുണ്ട്. ഞാൻ ആളെകാര്യമായി ശ്രദ്ധിച്ചില്ല.എന്നാൽ അംബിക ശ്രദ്ധിച്ചു. പിന്നെ അംബിക ഒരലർച്ചയായിരുന്നു. ‘അയ്യോ ഇമ്രാൻ ‘ എന്നു വിളിച്ച്. പാക് ക്രിക്കറ്റ് റ്റനായ ഇമ്രാനാണ് രാജണ്ണന്റെ സന്ദർശക മുറിയിൽ അദ്ദേഹത്തെയും കാത്തിരുന്നത് എന്നു ഞങ്ങൾക്കു വിശ്വസിക്കാനായില്ല. 1990 ആണ് വർഷം.ഇമ്രാൻ കത്തി നിൽക്കുന്ന സമയം . പിന്നീട് രാജണ്ണൻ എത്തി ഇമ്രാനോടൊപ്പം ഞങ്ങളെയും പാർട്ടിക്കു കൊണ്ടുപോയി.ഇമ്രാനന് സസെക്സിനു വേണ്ടി കൗണ്ടി കളിക്കുന്നുണ്ട്. പിറ്റേന്ന് മാച്ചുണ്ടായിരുന്നതിനാൽ അദ്ദേഹം അന്നു നൃത്തം ചെയ്യാൻ നിൽക്കാതെ നേരത്തേ പോയി. അതിൽ പ്രതിഷേധിച്ച് അന്നത്തെ അദ്ദേഹത്തിന്റെ ഇംഗ്ലീഷുകാരിയായ കാമുകി വഴക്കിട്ടതൊക്കെ ഞങ്ങളുടെ മുന്നിൽ വച്ചായിരുന്നു. ഇതു പോലെ എല്ലാ മേഖലയിലും സൗഹൃദങ്ങളുണ്ടായിരുന്നു.എന്നാൽ അവസാനകാലത്ത് പലരും കണ്ട ഭാവം നടിച്ചില്ലെന്നത് മറ്റൊരു കാര്യം .അതൊക്കെ പറഞ്ഞു കഴിഞ്ഞ കാര്യങ്ങളായതിനാൽ ആവർത്തിക്കുന്നില്ല