Don't Miss
Home / crime / സൗമ്യയും അജാസും തമ്മില്‍ പോലീസ് അക്കാദമികാലം മുതലുള്ള പരിചയം; രണ്ടുപേരുടെയും ഫോണുകള്‍ പരിശോധിക്കും; നിരന്തരം ശല്യപ്പെടുത്തിയിരുന്ന പോലീസുകാരന്‍ അജാസാണോ?

സൗമ്യയും അജാസും തമ്മില്‍ പോലീസ് അക്കാദമികാലം മുതലുള്ള പരിചയം; രണ്ടുപേരുടെയും ഫോണുകള്‍ പരിശോധിക്കും; നിരന്തരം ശല്യപ്പെടുത്തിയിരുന്ന പോലീസുകാരന്‍ അജാസാണോ?

വള്ളികുന്നം: കഴിഞ്ഞദിവസം കൊല്ലപ്പെട്ട പോലീസ് വനിതാ ഓഫീസര്‍ സൗമ്യയും പ്രതി അജാസും തമ്മില്‍ പോലീസ് അക്കാദമി മുതല്‍ പരിചയക്കാര്‍. നാലുവര്‍ഷം മുമ്പാണ് സൗമ്യ തൃശ്ശൂര്‍, പോലീസ് അക്കാദമിയിലെത്തുന്നത്. അന്ന് അജാസ് അവിടെ ഹവില്‍ദാറും സൗമ്യയുടെ ബാച്ചിന്റെ ട്രെയിനറും ആയിരുന്നു. പരിശീലനകാലത്തെ സൗഹൃദം ഇരുവരും തുടര്‍ന്നിരിക്കാമെന്നാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ഈ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചതെന്നുവേണം കരുതാന്‍.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സൗമ്യയെ നിരന്തരം ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി സംഭവമറിഞ്ഞ് വീട്ടിലെത്തിയവരോട് ബന്ധുക്കള്‍ പറഞ്ഞു. ഇത് പ്രതിയാകാമെന്ന് സംശയിക്കുന്നു. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് സൗമ്യയ്ക്ക് വള്ളികുന്നം സ്റ്റേഷനില്‍ നിയമനംകിട്ടുന്നത്. അജാസ് പിന്നീട് ആലുവയിലേക്കും. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി സഹപ്രവര്‍ത്തകര്‍ക്ക് അറിവില്ല.ഏല്‍പ്പിക്കുന്ന ജോലികളെല്ലാം ആത്മാര്‍ഥതയോടെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യയെന്നാണ് മേലുദ്യോഗസ്ഥരെല്ലാം പറയുന്നത്. ആര്‍ക്കും ഇവരെപ്പറ്റി പരാതിയില്ല. സ്റ്റേഷനില്‍ പരാതികളുമായെത്തുന്നവരോടെല്ലാം നല്ലരീതിയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥകൂടിയായിരുന്നു. പിന്നെ, എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും നിശ്ചയമില്ല.
സൗമ്യയുടെയും അജാസിന്റെയും മൊബൈല്‍ഫോണുകള്‍ പോലീസ് പരിശോധിക്കും. സംഭവത്തിലെ ദുരൂഹതനീക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് അക്കാദമിയില്‍ സൗമ്യയ്ക്കൊപ്പം പരിശീലനം നേടിയവരില്‍നിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്.

കൊലപാതകത്തില്‍ കലാശിക്കത്തക്ക വിധത്തിലെ തര്‍ക്കം ഇവര്‍ തമ്മിലുണ്ടായിരിന്നിരിക്കാം എന്നതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയമില്ല. സൗമ്യയുടെ മരണംതന്നെയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്.
സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയതിനു പിന്നാലെ ക്രൂരമായി വെട്ടിവീഴ്ത്തുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് മരണം ഉറപ്പാക്കുകകൂടി ചെയ്തു. ഇതിനാലാണ് തീരുമാനിച്ചുറപ്പിച്ച കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്. അജാസ് കൊലപാതകം നടത്തിയത് ഞെട്ടലോടെയാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. വിവാഹംകഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.