Don't Miss
Home / COVER STORY / ശബരിമലയില്‍ പോകുമെന്ന് വ്യാജ വാര്‍ത്ത: ജനം ടി.വിക്കെതിരെ യുവതി പരാതി നല്‍കും

ശബരിമലയില്‍ പോകുമെന്ന് വ്യാജ വാര്‍ത്ത: ജനം ടി.വിക്കെതിരെ യുവതി പരാതി നല്‍കും

തിരുവനന്തപുരം: ശബരിമലയില്‍ പോകുമെന്ന് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി യുവതി. സുമേഖ തോമസ് എന്ന യുവതിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ജനം ടിവിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. യുക്തിവാദി സംഘത്തോടൊപ്പം സുമേഖ തോമസ് ശബരിമലയില്‍ പോകാന്‍ ഒരുങ്ങുന്നു എന്നും സുമേഖയുടെ മൊബൈല്‍ ലൊക്കേഷന്‍ പ്രകാരം ഇവര്‍ കാഞ്ഞിരപ്പള്ളി എത്തി എന്നുമായിരുന്നു ജനംടിവി നല്‍കിയ വാര്‍ത്ത.

സുമേഖ തോമസ് സിപിഐ നേതാവ് ശശികല റഹീമിന്റെ മരുമകളാണെന്നും ഇവര്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് ശബരിമലയിലേക്ക് പോകുന്നത് എന്നും വാര്‍ത്തയില്‍ പറയുന്നു. ശശികല റഹീം ആലുവയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസ് ബസില്‍ സീറ്റ് ബുക്ക് ചെയ്തതായും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ശ്രമം ഉപേക്ഷിച്ചു എന്ന വാര്‍ത്തയുമാണ് നല്‍കിയത്.

എന്നാല്‍ താന്‍ ഒരിക്കലും ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സുമേഖ പറയുന്നു. താന്‍ ഒരു മത വിശ്വാസിയോ ദൈവ വിശ്വാസിയോ അല്ല. ഒരിക്കലും താന്‍ ശബരിമലയില്‍ പോകാന്‍ ഇഷ്ടപ്പെടുന്നില്ല. ജനം ടിവിക്ക് എതിരെയാണ് എനിക്ക് പരാതി ഉള്ളത്. മറ്റ് മൂന്നുപേരുമായി താന്‍ ശബരിമലയിലേക്ക് പോകുന്നു എന്ന വാര്‍ത്തകളാണ് പ്രചരിപ്പിച്ചത്. തന്റെ ഫോട്ടോ അടക്കമാണ് പ്രചരിച്ചത്. ഈ സമയം താന്‍ വീട്ടിലാണ് ഉണ്ടായിരുന്നത്. തൊടുപുഴ കരുമണ്ണൂര്‍ പൊലീസിലാണ് പരാതി നല്‍കുക എന്നും സുലേഖ പറഞ്ഞു.