Don't Miss
Home / COVER STORY / ദേശീയപാതകളും തീവണ്ടികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കൊള്ളസംഘം പിടിയില്‍

ദേശീയപാതകളും തീവണ്ടികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കൊള്ളസംഘം പിടിയില്‍

പാലക്കാട്: ദേശീയപാതകളും തീവണ്ടികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ പിടികൂടി.  ബാംഗ്ലൂര്‍- കൊച്ചിന്‍ ദേശീയപാത, ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ പൊലീസാണെന്ന് ചമഞ്ഞ് ബസ്സില്‍ നിന്നും ട്രെയിനില്‍ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മുതലുകള്‍ കൊള്ളയടിക്കുന്ന വന്‍ സംഘത്തിലെ നാലുപേരെയാണ് വാളയാര്‍ എസ് ഐ അന്‍ഷാദും ജില്ലാ ക്രൈംസ്‌ക്വാഡും ചേര്‍ന്ന് വാളയാര്‍-കോയമ്പത്തൂര്‍ ദേശീയപാതയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും സാഹസികമായി പിടികൂടിയത്.

കിണാശ്ശേരി, തണ്ണിശ്ശേരി സുജീഷ് എന്ന സ്പിരിറ്റ് സുജി (29), ആലത്തൂര്‍ ഇരട്ടക്കുളം നൊച്ചിപ്പറമ്പില്‍ സുരേന്ദ്രന്‍ എന്ന മാമ (40), കോങ്ങാട് കുണ്ടലശ്ശേരി പാലേങ്ങാട്ടുപറമ്പില്‍ സുലൈമാന്‍ എന്ന കാക്കി സുലി (49), കല്ലടിക്കോട് കരിമ്പ കമ്പിയില്‍ വീട്ടില്‍ ബിജു എന്ന കമ്പി ബിജു(37) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം 29ന് വാളയാര്‍ അതിര്‍ത്തിയില്‍ രാത്രി 12 മണിക്ക് ചെന്നെയിലേക്ക് പോകുന്ന കല്ലട ബസ്സിനെ രണ്ട് കാറുകളിലെത്തിയ ഏഴംഗ സംഘം തടഞ്ഞു നിര്‍ത്തുകയും പൊലീസിസാണെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍ എന്നയാളെ ബസ്സില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടു പോയി പക്കലുണ്ടായിരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം ദേശീയപാതയില്‍ ഇറക്കി വിടുകയുമായിരുന്നു.  തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണ്ണാഭരണ വ്യാപാരിയുടെ സ്വര്‍ണ്ണമാണ് കൊള്ളയടിച്ചത്.

പാലക്കാട് ഡിവൈ എസ് പി ജി ഡി വിജയകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി ഷംസുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വാളയാര്‍ എസ് ഐ എസ് അന്‍ഷാദ്, സ്പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ പി മധുസൂദനന്‍, എസ് സി പി ഒ എസ് ഷാജഹാന്‍, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എ ജലീല്‍, വി ജയകുമാര്‍, സി എസ് സാജിദ്, ആര്‍ കിഷോര്‍, കെ. അഹമ്മദ്കബീര്‍, ആര്‍ വിനീഷ്, എസ് എന്‍ ഷനോസ്, ആര്‍ രാജീദ്, എസ് ഷമീര്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.