Don't Miss
Home / COVER STORY / 1.34 കോടിയുടെ കുഴല്‍പണവുമായി നിലമ്പൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

1.34 കോടിയുടെ കുഴല്‍പണവുമായി നിലമ്പൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ഒരു കോടി 34 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ട് പേരെ നിലമ്പൂര്‍ സി ഐ കെ എം ബിജുവും സംഘവും അറസ്റ്റ് ചെയ്തു. മഞ്ചേരി വള്ളുവമ്പ്രം സ്വദേശികളായ പാലേക്കോട് വീട്ടില്‍ അന്‍വര്‍ ഷഹദ് (23), ഉള്ളാട്ട് പറമ്പില്‍ റിയാസ് ബാബു(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറിന്റെ ഡോറുകളില്‍ ഉണ്ടാക്കിയ രഹസ്യ അറകളിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. ഡ്രൈവറുടെ സീറ്റിനോട് ചേര്‍ന്നുള്ള ഡോര്‍ കൂടാതെ മറ്റു മൂന്ന് ഡോറുകളിലും രഹസ്യ അറകളുണ്ടായിരുന്നു. 500 ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളില്‍ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാന്‍ ബംഗളൂരില്‍ നിന്നും കൊണ്ടുവരികയായിരുന്ന പണമാണ് പിടികൂടിത്. മലപ്പുറം ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സി ഐ കെ എം ബിജുവും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എടവണ്ണ സ്വദേശിയുടെതാണ് പിടിച്ചെടുത്ത കാര്‍. ഇത് വാടകകെടുത്തതാണെന്നാണ് പ്രതികളുടെ മൊഴി.
കേസ് ആദായ നികുതി വകുപ്പിന് കൈമാറും. പിടിച്ചെടുത്ത തുകയുടെ 60 മുതല്‍ 300 ശതമാനം വരെ പിഴ ചുമത്തപ്പെടുന്ന കേസാണിത്.
അന്വേഷണ സംഘത്തില്‍ നിലമ്പൂര്‍ എസ് ഐ ജയപ്രകാശ്, വനിത എസ് ഐ റസിയ ബംഗാളത്ത്, എഎസ്‌ഐ മോഹന്‍ദാസ്, സി പി ഒ മാരായ പ്രദീപ്, മാത്യൂസ്, സുരേഷ് ബാബു, സര്‍ജാസ്, ജയരാജ്, നൗഷാദ്, ഗിരീഷ്, റഹിയാനത്ത്, ഫില്‍സര്‍ എന്നിവരുമുണ്ടായിരുന്നു.