Don't Miss
Home / COVER STORY / കൊച്ചിയിലെ ആണ്‍പത്രക്കാരുടെ തനിക്കൊണം കേട്ടറിഞ്ഞു; ഡബ്ല്യു.സി.സി അംഗങ്ങളെ അനാവശ്യചോദ്യങ്ങളാല്‍ ക്രൂശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പരിഹാസം

കൊച്ചിയിലെ ആണ്‍പത്രക്കാരുടെ തനിക്കൊണം കേട്ടറിഞ്ഞു; ഡബ്ല്യു.സി.സി അംഗങ്ങളെ അനാവശ്യചോദ്യങ്ങളാല്‍ ക്രൂശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പരിഹാസം

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി താരസംഘടനയായ എ.എം.എം.എയുടെ ഭാരവാഹികള്‍ക്കെതിരെ നടത്തിയ വാര്‍ത്ത സമ്മേളത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ കൈക്കൊണ്ട സമീപനത്തിനെതിരെ പരിഹാസവും വിമര്‍ശനവും. മലയാള സിനിമ രംഗത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ദുഷ്പ്രവണതകളെ തുറന്നുകാട്ടുകയും താരസംഘടനയുടെ നിലപാടിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനായിരുന്നു വാര്‍ത്താ സമ്മേളനം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താരസംഘടനയും അതിന്റെ ഭാരവാഹികളും സ്വീകരിച്ച നിലപാടുകളിലെ പൊളളത്തരങ്ങളും ഇരട്ടത്താപ്പുമാണ് രേവതി പാര്‍വതി, പത്മപ്രിയ തുടങ്ങിയ വനിതാകൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചത്.

എന്നാല്‍ ഇവരുടെ വിശദീകരണം കഴിഞ്ഞ ഉടനെയാണ് പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ചില മാധ്യമ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രൂക്ഷമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. മോഹന്‍ലാലിനെ പോലുള്ളവര്‍ വാര്‍ത്തസമ്മേളനം നടത്തുകയും അദ്ദേഹം ആക്രമിക്കപ്പെട്ട നടിയൊടൊപ്പവും പ്രതിയാക്കപ്പെട്ട നടനോടൊപ്പവുമാണെന്ന് പറഞ്ഞപ്പോള്‍ പോലും അതിനോട് തലയാട്ടി ഉത്തരം കേട്ടവരാണ് വനിതാ സിനിമാ പ്രവര്‍ത്തകരെ ചോദ്യങ്ങളാല്‍ നേരിട്ടത്. ടെലിവിഷനിലും ഫേസ്ബുക്ക് പേജുകളും വഴി ലൈവ് കണ്ടവരാണ് സോഷ്യല്‍ മീഡിയയില്‍ ചില മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്. ഇങ്ങനെ വിമര്‍ശനം ഉന്നയിച്ചവരില്‍ ഏറെയും മാധ്യമ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.