ഭൂമിയിലെ മാലാഖമാര്‍ക്ക് സ്വര്‍ഗം നിഷേധിക്കുന്നതാര് ?
ഇന്ന് ലോക നേഴ്സസ് ദിനം. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ സമരപാതയിലാണ്. മെച്ചപ്പെട്ട വേതനത്തിനും മികച്ച തൊഴില്‍ സാഹചര്യത്തിനും വേണ്ടിയുള്ള .അവരുടെ സമരം കേരള സമൂഹം തുറന്നു ചര്‍ച്ച ചെയ്യുന്നുണ്ട്. പല കോണുകളില്‍ നിന്നും പിന്തുണയും ലഭിക്കുന്നു. സമരത്തിന് അഭിവാദ്യങ്ങള്‍. ഈ സമരം അവഗണിച്ചുകൊണ്ടല്ല ഇത് എഴുതുന്നത്. കുറഞ്ഞ വേതനമാണ് സ്വകാര്യ മേഖലയിലെ നേഴ്സുമാര്‍ നേരിടുന്ന പ്രധാന പ്രശ്നമെങ്കില്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ടും കലുഷിതമാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്സിംഗ് രംഗം. ആ ആശുപത്രി വാര്‍ഡുകളിലേക്ക് നടന്നു കയറുകയാണ് ഇവിടെ.
നൂറും നൂറ്റി ഇരുപതും രോഗികളെ നോക്കാന്‍ ഒറ്റ നേഴ്സ്
2000 ത്തിലോ 2001 ലോ ആണ്. ഞാന്‍ സൂര്യ ടി വി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. മെഡിക്കല്‍ കോളേജിലെ ഒരു നേഴ്സ് വിളിക്കുന്നു. ചില പ്രശ്നങ്ങള്‍ ഉണ്ട്. ആശുപത്രിയിലെ വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം വളരെക്കൂടുതല്‍.ഒരു വാര്‍ഡില്‍ കിടക്കുന്നത് നൂറ്റമ്പതിലേറെ രോഗികള്‍.ഇവരെ നോക്കാനായി ആകെയുള്ളത് ഒരു നേഴ്സും. പിറ്റേദിവസം നേരെ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു.പരിചയമുള്ള ഒരു സെക്യൂരിറ്റിക്കാരന്റെ സഹായത്തോടെ ക്യാമറാമാനുമായി അകത്തുകടന്നു.നേഴ്സ് പറഞ്ഞ വാര്ഡില്എത്തി. സംഭവം ശരി തന്നെ. കിടക്കയിലും നിലത്തും ഒക്കെയായി രോഗികള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു.വാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉള്ളത് ആകെ ഒരു നേഴ്സ്. നൂറ്റമ്പതോളം രോഗികളുണ്ട് വാര്‍ഡില്‍ ഇവര്‍ക്കൊക്കെ സമയാസമയം മരുന്ന് നല്‍കണം. അപ്പോള്‍ നേഴ്സ് ചെയ്യുന്നത് ഇങ്ങനെ. രാവിലത്തെ മരുന്ന് 9 മണിക്കാണ് രോഗികള്‍ക്ക് നല്കേണ്ടതെന്നിരിക്കട്ടെ. നേഴ്സ് രണ്ട് മണിക്കൂറെങ്കിലും മുന്നേ മരുന്ന് കൊടുപ്പ് തുടങ്ങും.എന്നാലെ അവസാന
രോഗിക്ക് 9 മണിക്കെങ്കിലും മരുന്ന് എത്തിക്കാനാകൂ. 9 മണിക്ക് അവസാന രോഗിക്ക് മരുന്ന് നല്കി അല്‍പ്പസമയം കഴിഞ്ഞ് ഉച്ചയ്ക്കലത്തേക്കുള്ള മരുന്ന് കൊടുപ്പ് തുടങ്ങും. ഉച്ചയ്ക്ക് അവസാന രോഗിയുടെ അടുത്തെത്തി മരുന്ന് നല്കിക്കഴിഞ്ഞാല് കുറച്ചുസമയം കഴിഞ്ഞ് അടുത്ത ട്രിപ്പ്. വിശ്രമം പോലും ഇല്ലാത്ത അവസ്ഥ. ഒരുപാട് തരം മരുന്നുകള്‍. മാറിപ്പോകാന്‍ പാടില്ല. ഇഞ്ചക്ഷന്റെ അളവ് തെറ്റാന്‍ പാടില്ല. തല പെരുക്കുന്ന സൂക്ഷ്മത പുലര്‍ത്തണം.ഇതിനിടയില്‍ ചില രോഗികള്‍ക്ക് സംഭവിച്ചേക്കാവുന്ന അടിയന്തരാവസ്ഥകള്‍ വേറെ. ഗുരുതര സാഹചര്യങ്ങളോടെ വരുന്ന പുതിയ രോഗികള്‍ ഇതിനിടയില്‍. ചുരുക്കം പറഞ്ഞാല്‍ ബോംബ് വീണ സ്ഥലത്ത് നില്ക്കുന്ന പ്രതീതി.സമ്മര്‍ദ്ദത്തിന്റെ പരകോടിയില്‍ നില്‍ക്കുമ്പോഴും ഒന്നിന് പുറകെ ഒന്നായി സംശയങ്ങളും പരാതികളുമായി വരുന്ന രോഗിയും ബന്ധുക്കളും.എല്ലാം കഴിഞ്ഞ് ഡ്യൂട്ടി തീരുമ്പോള്‍ നേഴ്സ് ഒരു പരുവമാകും. ഇതൊക്കെ ഷൂട്ട് ചെയ്ത് വാര്‍ത്ത കൊടുത്തു. പിന്നെ അത് ഞാന്‍ മറന്നു. മറ്റു വാര്‍ത്തകളുടെ പിറകേ പോയി.
ഇന്ന്
ലോക നേഴ്സസ് ദിനത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതണം എന്നാലോചിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത് ഈ പഴയ സംഭവമാണ്. നേരെ ഗവണ്മെന്റ് നേഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.സുബ്രമണ്യനെ വിളിച്ചു. മെഡിക്കല്‍ കോളേജുകളിലെ ഇപ്പോഴത്തെ അവസ്ഥ തിരക്കി. മറുപടി എന്നെ അത്ഭുതപ്പെടുത്തിയില്ല. പ്രതീക്ഷിച്ചതായിരുന്നു. ഇപ്പോഴും സ്ഥിതി പഴയതുതന്നെ. ചെറിയ വ്യത്യാസം മാത്രം. നൂറ്റമ്പത് പേർ ഇല്ല. നൂറു മുതല്‍ നൂറ്റിഇരുപത് വരെ രോഗികള്‍ കിടക്കുന്ന പല വാര്‍ഡുകളിലും ഇത്രയും പേരെ നോക്കാന്‍ ഇപ്പോഴുമുള്ളത് ഒരു നേഴ്സ് മാത്രം. പതിനെട്ട് വര്‍ഷത്തിന് ശേഷവും രംഗം മാറിയിട്ടില്ല. നാല് രോഗികളെ നോക്കാന്‍ ഒരു നേഴ്സ് എന്നതാണ് ആശുപത്രികളിലെ അംഗീകൃത മാനദണ്ഡം. എന്നാലെ ഗുണമേന്മയുള്ള മെച്ചപ്പെട്ട ചികിത്സ രോഗിയ്ക്ക് ഉറപ്പുവരുത്താനാകൂ. ഇവിടെ നൂറിന് ഒരാള്‍. ഈ ഒരാളിനെക്കുറിച്ചാണ് ഇന്ന് നേഴ്സസ് ദിനത്തില്‍ നാം ഓര്‍ക്കേണ്ടത്. അതീവ സൂക്ഷ്മതയും ശ്രദ്ധയും വൈദഗ്ധ്യവും സഹാനുഭൂതിയും ഒക്കെ വേണം ഈ ഒരാളിന്. ഓരോ രോഗിയ്ക്കും വേണ്ടി കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തുമ്പോള്‍ നേഴ്സ് അനുഭവിക്കുന്ന മാനസിക-ശാരീരിക സമ്മര്‍ദ്ദം ചെറുതല്ല.
കടുത്ത സ്ട്രെസ്
പല പഠനങ്ങള്‍ നടന്നിട്ടുണ്ട് നേഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി. അതില്‍ ഏറ്റവും ശ്രദ്ധേയവും സുപ്രധാനവുമായ ഒന്നാണ് സ്ട്രെസ് അഥവാ
സമ്മര്‍ദ്ദം. പല നേഴ്സുമാരും താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്രധാന കാരണം കഠിനമായ ജോലിഭാരം തന്നെ. നൂറു പേരെയൊക്കെ ഒരുമിച്ച് മണിക്കൂറുകളോളം ശുശ്രൂഷിക്കേണ്ടിവരുമ്പോള്, ചെറിയ പിഴവിന് പോലും വലിയ പ്രത്യാഘാതമുണ്ടാവുമെന്ന ചിന്ത എപ്പോഴുമുള്ളപ്പോള്, നിരന്തരം ആശുപത്രി വാര്‍ഡിലെ അടിയന്തര സാഹചര്യങ്ങള്‍ മാറി മാറി വരുമ്പോള്‍, കൃത്യതയ്ക്ക് വേണ്ടി മനസ്സും ശരീരവും മാറ്റി വെയ്ക്കുമ്പോള്‍ ,ഈ മാനസിക സമ്മര്‍ദ്ദം നൂറിരട്ടി ആകും. മണിക്കൂറുകള്‍ നീളുന്ന ഡ്യൂട്ടിയ്ക്കിടയില്‍ ഒന്നിരിക്കാന്‍ പോലും സമയം കിട്ടി എന്ന് വരില്ല. മെഡിക്കല്‍
കോളേജുകളിലൊക്കെ പ്രത്യേകിച്ചും. വളരെ ഗുരുതര രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന രോഗികളായിരിക്കും മിക്ക വാര്‍ഡുകളിലും. അവരുടെ നിലയില്‍ മിക്കപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.അതിനൊക്കെ ഒപ്പം നേഴ്സും ഓടിയെത്തണം.ഒരാളുടെ അടുത്തല്ല, നൂറു പേരില്‍ പലരുടെ അടുത്ത്. അവരെ മാനേജ് ചെയ്യുന്നതിനൊപ്പം മറ്റ് രോഗികള്‍ക്ക് മരുന്നും ഇഞ്ചക്ഷനുമൊക്കെ സമയത്ത് നല്‍കണം. മരുന്ന് മാറരുത്, അളവ് മാറരുത്. ഒരു പിഴവും പറ്റരുത്. ആളെണ്ണം കൂടുമ്പോള്‍ മനുഷ്യസാധ്യം എന്ന വാക്കിന് അര്ത്ഥമില്ലാത്തവണ്ണം പ്രവര്‍ത്തിക്കണം. നേഴ്സിന്റെ
പരാതികള്‍ക്ക് , സഹനത്തിന് ഇവിടെ ആരും പ്രസക്തി നല്‍കുന്നില്ല. ഇതൊക്കെ പല നെഴ്സുമാരേയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇരയാക്കുന്നുണ്ട്. സ്വകാര്യ മേഖലയെ അപേക്ഷിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ വേതന വ്യവസ്ഥകള്‍ മോശമല്ലെങ്കിലും ദിവസേന അനുഭവിക്കുന്ന സ്ട്രെസ് പലര്‍ക്കും പലവിധ മാനസിക -ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇന്ന് സംസാരിച്ച ഒരു നേഴ്സ് സൂചിപ്പിച്ചത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. വളരെ ഗുരുതരമായ അവസ്ഥയിലായിരിക്കും പല രോഗികളെയും പ്രത്യേകിച്ച് വാഹനാപകടം പോലുള്ള അവസരങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ബ്ലീഡിംഗും മറ്റും ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ ഗ്ലൌസ് ഉപയോഗിക്കണം എന്നൊക്കെയാണ് ചട്ടം. എന്നാല്‍ രോഗിയുടെ ജീവന് രക്ഷിക്കാനുള്ള വെപ്രാളത്തില്‍ നേഴ്സുമാര്‍ക്ക് ഇതൊന്നും ധരിക്കാനുള്ള അവസരം പലപ്പോഴും കിട്ടാറില്ല. എല്ലാം കഴിയുമ്പോഴായിരിക്കും ഗ്ലൌസ് നല്കുന്ന സുരക്ഷയെക്കുറിച്ച് നേഴ്സ് ഓര്‍ക്കുക. അപ്പോള്‍ രോഗിയുടെ രക്തം പുരണ്ട സ്വന്തം കൈകളിലേക്ക് നോക്കി രക്തത്തിലൂടെ പകരുന്ന എയിഡ്സ് പോലുള്ള രോഗങ്ങളെക്കുറിച്ചോര്ത്ത് നേഴ്സ് വേവലാതിപ്പെടും. അടുത്ത തവണ മുന്‍കരുതല്‍ എടുക്കാം എന്ന് സമാധാനിച്ചാലും പിന്നെയും ഇത് തന്നെ ആവര്‍ത്തിക്കും. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ കാവല്‍ നില്ക്കുന്ന മാലാഖയ്ക്ക് സ്വന്തം സുരക്ഷ ഓര്‍ക്കാന്‍ എവിടെ സമയം? രോഗീബാഹുല്യവും ഇത് പോലെയുള്ള പ്രശ്നങ്ങളും ഡ്യൂട്ടി സമയത്തെ കടുത്ത മാനസിക -ശാരീരിക സമ്മര്‍ദ്ദവും ആശുപത്രിക്ക് പുറത്തെ ജീവിത സമരങ്ങളും ഒക്കെചേര്ന്ന് വല്ലാത്ത പരിതസ്ഥിതിയിലാണ് ഭൂരിപക്ഷം നേഴ്സുമാരുടെയും നിലനില്‍പ്പ്.
ഡ്യൂട്ടിയല്ലാത്ത ഡ്യൂട്ടി
നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇ സി ജി, ഫാര്‍മസി, ലാബ് എന്നിവയൊക്കെ വന്നു. പക്ഷെ ഒന്നു മാത്രം വന്നില്ല. ഇതൊക്കെ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ ജീവനക്കാര്‍. പല ആശുപത്രികളിലും ആവശ്യമായ ജീവനക്കാര്‍ ഇല്ല. അതുകൊണ്ട് സംഭാവിച്ചതെന്താ, പലയിടത്തും ഈ ജോലിയും നേഴ്സുമാരുടെ തലയിലായി.അടിയന്തര ഘട്ടങ്ങളില്‍ ഇ സി ജി എടുക്കാനും ഫാര്‍മസിയില്‍ നിന്ന് മരുന്ന് നല്‍കാനും ഒക്കെ നേഴ്സുമാര്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം താഴേതട്ടിലുള്ള പല സര്‍ക്കാര്‍ ആശുപത്രികളിലും നിലനില്‍ക്കുകയാണ്. വര്‍ധിച്ച നേഴ്സിംഗ് ചുമതലയ്ക്കൊപ്പം അധിക വ്യത്യസ്ത ജോലിഭാരം കൂടിയാകുമ്പോള്‍ ആശുപത്രി നേഴ്സിന് ഒരു ഭീകരാനുഭവമാകുന്നു. മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലുമൊക്കെ ജോലിസമയം വല്ലാതെ കൂടാറില്ലെങ്കിലും താലൂക്ക് ആശുപത്രികളിലും മറ്റുമൊക്കെ സ്ഥിതി വ്യത്യസ്തമാണ്. പകല്‍ പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍. രാത്രി ഷിഫ്റ്റ് ആണെങ്കില്‍ 14 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടിവരും. 1964 ലേ സ്റ്റാഫ് പാറ്റെണ് അനുസരിച്ചാണ് നേഴ്സ് നിയമനം.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇതില്‍ കാലാനുസൃതമായി ചെറിയ മാറ്റം എങ്കിലും വന്നത്. പുതുതായി കുറേ നിയമനങ്ങള്‍ നടന്നു.എന്നാല്‍ അതൊക്കെ കടലില്‍ കായം കലക്കിയ പോലെയേ ആയിട്ടുള്ളൂ. ഇനിയും ധാരാളം നിയമനങ്ങള്‍ നടന്നെങ്കില്‍ മാത്രമേ രോഗി-നേഴ്സ് അനുപാതം ആരോഗ്യകരമായ-ഗുണമേന്മയുള്ള അവസ്ഥയില്‍ എത്തിക്കാന്‍ കഴിയൂ.
ഒരു സ്നേഹസ്പര്‍ശം
ഗോകുലം ആശുപത്രിയില്‍ കിടക്കുന്ന കാലം.മനസ്സ് പിടിതരാതെ പോകുമ്പോഴൊക്കെ എഴുത്തില്‍ അഭയം തേടിയിരുന്ന ദിവസങ്ങള്‍. പതിവായി നേഴ്സ് വന്ന് മരുന്ന് തരും. ഇന്ജക്ഷന് എടുക്കും. ഇടവേളയില്‍ നേഴ്സസ് മുറിയില്‍ പോയിരുന്ന് അവരോട് നിറയെ സംസാരിക്കും. ഡോ.ഷാഫി ലാപ്ടോപ് കൊടുത്തുവിടുന്ന വരെ അവരുടെ മുറിയിലെ കംപ്യൂട്ടറിലായിരുന്നു ഫെയ്സ്ബുക്ക് നോട്ടവും എഴുത്തും എല്ലാം. എന്റെ ഭ്രാന്തന് ചിന്തകള്‍ക്ക് അവര്‍ കേള്‍വിക്കാരും സാക്ഷികളുമായി.ഒരു പ്രഭാതം. ഉണര്‍ന്നപ്പോള്‍ മുതല്‍ വല്ലാത്ത പിരിമുറുക്കം. ഡോക്ടര്‍ വന്നു. രാവിലത്തെ ഗുളികയുടെ ഡോസ് കൂട്ടി. ഡോക്ടര്‍ പോയി. നേഴ്സ് ഗുളികയുമായി വന്നു. ഞാന്‍ കഴിച്ചു. കലുഷിതമായ മനസ്സുമായി കട്ടിലിലേക്ക് ചാഞ്ഞു. കണ്ണടച്ചു. തലയിലാരോ മൃദുവായി തലോടുന്നു. ഞാന്‍ കണ്ണ് തുറന്നു. എന്റെ ശിരസ്സില്‍ വിരലോടിക്കുന്ന മാലാഖയെ ഞാന്‍ കണ്ടു. മൃദുസ്പര്‍ശത്തില്‍
എന്റെ സംഘര്‍ഷമൊക്കെ ഉരുകിയൊലിക്കുന്നത് ഞാന്‍ അനുഭവിച്ചു. സ്നേഹമാണ് തൂവെള്ളയില്‍ എന്റെ മുന്നില്‍ നിന്നത്. പിടിവിട്ടുപോയ മനസ്സിനെ തിരികെകൊണ്ടുവരുന്ന മാന്ത്രികത ആ പ്രഭാതത്തില്‍ നവ്യാനുഭവമായി. സ്നേഹത്തിന്റെ ഇന്ദ്രജാലക്കാര്‍ക്ക്, ഭൂമിയിലെ മാലാഖമാര്‍ക്ക്
ഹൃദയപ്രണാമം.